മാണിക്ക് സ്വാഗതമോതി ഇപി ജയരാജനും; സിപിഐയെ തളയ്ക്കാന്‍ മാണിയെ കൂട്ടുവിളിച്ച് സിപിഎം

കെ.എം. മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ ഇ.പി. ജയരാജന്‍. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ തള്ളിയാണ് കെ.എം. മാണിയെ ജയരാജന്‍ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്.

ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന ആളാണ് മാണിയെന്നും ജയരാജന്‍ പറഞ്ഞു. മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ പൂര്‍ണമായും തള്ളി സി.പി.ഐ. രംഗത്തെത്തിയെങ്കിലും മാണിയോടുള്ള സി.പി.എം. മൃദുസമീപനമാണ് ഇ.പി. ജയരാജന്റെ പ്രതികരണത്തിലൂടെ പുറത്തു വരുന്നത്.

മാണിക്കെതിരായ അഴിമതി ആരോപണങ്ങളൊന്നും ഇടതു മുന്നണി പ്രവേശനത്തിന് ബാധകമല്ലെന്ന നിലപാടാണ് സി.പി.എം. നേതാക്കള്‍ പരസ്യമായി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

മുന്നണി വിഷയം കേരള കോണ്‍ഗ്രസ് എമ്മില്‍ വലിയ ചര്‍ച്ച ഉയര്‍ത്തിയ സാഹചര്യത്തിലാണ് സ്വാഗതം ചെയ്യലുമായി നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. ആദ്യം മുതല്‍ മാണിക്ക് എതിരായ നിലപാടാണ് സി.പി.ഐ. സ്വീകരിച്ചു പോരുന്നത്. ഇടത് മുന്നണിയില്‍ സി.പി.എമ്മിനെ വെല്ലുവിളിക്കുന്ന സി.പി.ഐക്ക് തടയിടാനാണ് മാണിയേ മുന്നണിയിലെത്തിക്കാനുള്ള സി.പി.എം. നീക്കം.