ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും,കേരളത്തിലെത്തുക ഞായറാഴ്ച
ന്യൂഡല്‍ഹി: യെമെനില്‍ തീവ്രവാദികളുടെ പിടിയില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. രാവിലെ ഏഴരയ്ക്ക് എത്തിയ വിമാനത്തിലാണ് അദ്ദേഹം എത്തിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പി.മാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, ആന്റോ ആന്റണി, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. വളരെ സന്തോഷവാനാണെന്നും മോചനത്തിനായി പരിശ്രമിച്ച എല്ലാവര്‍ക്കും ദൈവത്തിനും നന്ദി പറയുന്നുവെന്നും ഫാ.ഉഴുന്നാലില്‍ പറഞ്ഞു.
11.30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി ഉഴുന്നാലില്‍ കൂടിക്കാഴ്ച നടത്തും. അതിനുശേഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഗ്യാംബസ്തിത ഡിക്വാത്രോയെ വത്തിക്കാന്‍ എംബസിയില്‍ അദ്ദേഹം സന്ദര്‍ശിക്കും. ഡല്‍ഹിയിലെ സി.ബി.സി.ഐ. സെന്ററില്‍വെച്ച് വൈകീട്ട് നാലരയ്ക്ക് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണും.
വൈകീട്ട് ആറരയ്ക്ക് ഗോള്‍ മാര്‍ക്കറ്റിനടുത്തുള്ള സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 8.35-ന് അദ്ദേഹം ബെംഗളൂരുവിലെത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കര്‍ദിനാള്‍മാരുമായും സി.ബി.സി.ഐ. നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് അഞ്ചിന് മ്യൂസിയം റോഡിലെ ഗുഡ് ഷെ്‌പ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നന്ദിപ്രകാശന യോഗത്തില്‍ പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഡോണ്‍ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍വെച്ചും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ട്. ഞായറാഴ്ച യാണ് ഉഴുന്നാലില്‍ കേരളത്തിലെത്തുന്നത്. കൊച്ചിയിലെത്തുന്ന ഉഴുന്നാലില്‍ വൈകീട്ട് രാമപുരത്തെത്തും. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.