കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ച് ഒസീസ്; ഇന്ത്യക്ക് 335ലക്ഷ്യം, ഓപ്പണിങ്ങില്‍ ഇരട്ട സെഞ്ച്വറി

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് അടിച്ചുകൂട്ടി.

ആദ്യ മൂന്നു ഏകദിനങ്ങളിലും പരാജയപ്പെട്ട് പരമ്പര അടിയറ വെച്ച ഓസ്‌ട്രേലിയക്ക് ഇത് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനുള്ള മത്സരമാണ്. ഓപ്പണിങ് വിക്കറ്റില്‍ തന്നെ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും 231 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

119 പന്തില്‍ 12 ഫോറും നാല് സിക്‌സുമടക്കം 124 റണ്‍സ് അടിച്ചുകൂട്ടിയ വാര്‍ണറെ കേദര്‍ ജാദവ് പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പൊളിഞ്ഞത്. അടുത്ത ഓവറില്‍ ഉമേഷ് യാദവ്, ആരോണ്‍ ഫിഞ്ചിനെയും പുറത്താക്കി. ആറു റണ്‍സകലെ വെച്ച് സെഞ്ചുറി നഷ്ടപ്പെട്ട ഫിഞ്ച് 10 ഫോറും മൂന്നു സിക്‌സുമാണ് നേരിട്ട 96 പന്തില്‍ അടിച്ചത്.

ട്രാവിസ് ഹെഡ് 29 റണ്‍സിന് പുറത്തായപ്പോള്‍ സ്റ്റീവ് സ്മിത്തിനും കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്നു റണ്‍സെടുത്ത സ്മിത്തിനെ യാദവ് കോലിയുടെ കൈയിലെത്തിച്ചു. അവസാന ഓവറുകളില്‍ ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസീസിന്റെ സ്‌കോര്‍ 300 കടത്തിയത്.

30 പന്തില്‍ 43 റണ്‍സ് നേടിയ ഹാന്‍ഡ്‌സ്‌കോമ്പിന്റെ ബാറ്റില്‍ നിന്ന് മൂന്നു ഫോറും ഒരു സിക്‌സും പിറന്നു. 15 റണ്‍സെടുത്ത് സ്റ്റോയ്ന്‍സും മൂന്നു റണ്‍സുമായി വെയ്ഡും പുറത്താവാതെ നിന്നു. അതേസമയം ഇന്ത്യക്കായി ഉമോഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.