ഇന്ത്യക്കിന്നു ജയിക്കണം റെക്കോര്‍ഡിടണം; ഓസിസിനും ജയിക്കണം നാണക്കേട് മാറ്റണം, മഴപ്പേടിയില്‍ നാലാം ഏകദിനം ഇന്ന്
ബെംഗളൂരു: അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് കളികളും ആധികാരികമായി ജയിച്ച് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു ഇന്ത്യ. ഇനിയുള്ള രണ്ടു കളികള്‍ തോറ്റാലും പരമ്പര നഷ്ടമാകില്ല. അതുകൊണ്ടു ഇന്നത്തെ മത്സരം തോറ്റാലും സാരമില്ല എന്നാകും ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍. പക്ഷെ ഇന്ത്യന്‍ ടീമിന് അങ്ങനെയല്ല. ടീം ഇന്ത്യയ്ക്ക് ഇനിയും വേണം വിജയം. പ്രേത്യകിച്ചും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്.
കാരണം തുടര്‍ച്ചയായ ഏറ്റവും വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് വിരാട് കോലി എം.എസ് ധോണിയില്‍ നിന്നും സ്വന്തമാക്കണമെങ്കില്‍ ഇന്നത്തെ മത്സരം ജയിച്ചേ തീരു.
അടുത്തത്, രണ്ട് തവണ ലോകചാമ്പ്യന്മാരായിട്ടും,പല തവണ ലോക ഒന്നാം നമ്പറായിട്ടും ഇന്നേവരെ തുടര്‍ച്ചയായി പത്ത് ഏകദിനങ്ങള്‍ ജയിക്കാന്‍ പറ്റാത്ത നാണക്കേട് മാറ്റാന്‍ ഇന്ത്യയുടെ ‘ക്യാപ്റ്റന്‍ കൂള്‍’ എം.എസ് ധോണി വിചാരിച്ചിട്ട് പോലും ഇന്ത്യയെ ഒന്‍പത് കളികളിലെ അടുപ്പിച്ച് ജയിപ്പിക്കാന്‍ പറ്റിയിട്ടുള്ളൂ. ഗാംഗുലി, ദ്രാവിഡ്, കപില്‍ദേവ് – ഗാവസ്‌കര്‍ സഖ്യം എന്നിവര്‍ ഇന്ത്യയെ എട്ട് തവണ വീതം ജയിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജയിച്ചാല്‍ ഇത് കോലിക്ക് തുടര്‍ച്ചയായ പത്താം ജയം.
ഓസ്‌ട്രേലിയ ആറ് വട്ടമാണ് പത്ത് കളികളോ കൂടുതലോ അടുപ്പിച്ച് ജയിച്ചത്. സൗത്താഫ്രിക്ക 5, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ 2 തവണ വീതം ഒക്കെ ഈ ലിസ്റ്റിലുണ്ട്. എന്തിന് പാകിസ്താനും ന്യൂസിലന്‍ഡും ഇംഗ്ലണ്ടും പോലും ഓരോ തവണ പത്ത് കളികള്‍ ജയിച്ചു. കുഞ്ഞന്മാരായ സിംബാബ്വെ, ബംഗ്ലാദേശ് എന്നിവര്‍ മാത്രമാണ് ഈ നാണക്കേടിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത്.
ഓസിസിന്റെ സ്ഥിതി പറയാതിരിക്കുന്നതാകും ഉത്തമം. ഇതുവരെ കളിച്ച 13 മത്സരങ്ങളിലും തുടര്‍ തോല്‍വികളേറ്റു വാങ്ങി നാണം കേട്ട് നില്‍ക്കുകയാണ് ഓസ്ട്രേലിയ. ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ള ചാമ്പ്യന്‍ ടീമെന്ന് വിളിപ്പേരുള്ള ആസ്ട്രേലിയ ചരിത്രത്തിലിതുവരെ ഇത്രയും മോശം പ്രകടനം നടത്തിയിട്ടില്ല. ആ നാണക്കേട് ഇന്നത്തെ മത്സരം ജയിച്ച് അല്‍പ്പമെങ്കിലും മാറ്റം എന്ന് ഓസ്ട്രേലിയ കരുതുന്നുണ്ടാകും.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാലാം മത്സരത്തിനിറങ്ങുന്ന ഇന്ത്യക്കും-ഓസിസിനും ജയത്തില്‍ കുറഞ്ഞതൊന്നും മനസ്സിലുണ്ടാവില്ല. പക്ഷെ മൂടി കെട്ടിയ അന്തരീക്ഷമാണ് ബംഗളൂരുവില്‍. മഴ വില്ലനായേക്കുമോ എന്നും ആരധാകര്‍ ആശങ്കപ്പെടുന്നുണ്ട്.