അന്ധവിശ്വാസ വിരുദ്ധ ബില്ലിന് കര്‍ണാടക മന്ത്രിസഭയുടെ അനുമതി;മനുഷ്യത്വരഹിതവുമായ ഹീന പ്രവര്‍ത്തികള്‍ നിര്‍ത്തലാക്കുക ലക്ഷ്യം
ബെംഗളൂരു: അന്ധവിശ്വാസ വിരുദ്ധ ബില്ലിന് കര്‍ണാടക മന്ത്രിസഭ അനുമതി നല്കി. മനുഷ്യത്വരഹിതമായ ഹീന പ്രവര്‍ത്തികള്‍ തടയുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭ ബില്ലിന് അനുമതി നല്‍കിയത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അനുമതിയ്ക്കായി വയ്ക്കും.പുരോഗമനവാദികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.മനുഷ്യ ബലിയും അഖോരി പ്രവര്‍ത്തികളും ദുര്‍മന്ത്രവാദവും തടയുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ബില്‍ എന്ന പേരിലാണ് മന്ത്രിസഭ ഈ ബില്‍ ചര്‍ച്ച ചെയ്തത്.
‘കര്‍ണാടക പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവിള് പ്രാക്ടീസസ് ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍ 2017’ എന്നാണ് പുതിയ ബില്‍ അറിയപ്പെടുന്നത്. ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും നവംബറില്‍ നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ അനുമതിയ്ക്കായി വയ്ക്കുമെന്നും കര്‍ണാടക നിയമ മന്ത്രി ടി. ബി ജയചന്ദ്ര അറിയിച്ചു.
ഒരാളെക്കൊണ്ട് മറ്റൊരാള്‍ ചെയ്യിക്കുന്ന ശയന പ്രദക്ഷിണങ്ങള്‍, നിരാഹാര വ്രതങ്ങള്‍ മന്ത്രവാദത്തിനായി ഏതെങ്കിലും ജീവിയെ കൊല്ലുക, ആരെയെങ്കിലും തീയിലൂടെ നടത്തുക തുടങ്ങിയവ ഹീനവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തികളാണെന്നും ഈ വക ഹീന പ്രവര്‍ത്തികളെല്ലാം നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്രയിലെ ബില്ലിന് സമാനമായ ബില്ലാണ് കര്‍ണാടകയിലും പാസാക്കിയിരിക്കുന്നതെന്നും എന്നാല്‍ കര്‍ണാടകയുടെ ബില്ലില്‍ അധികമായി സംരക്ഷിത, പട്ടിക വിഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍കൈയെടുത്താണ് ബില്‍ കൊണ്ട് വന്നത്. ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങളാണ് ബില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടാന്‍ കാരണമെന്ന് അദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എം. എം കുല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടതിനുശേഷം അന്ധവിശ്വാസത്തിനെതിരായ ബില്ലിനായി ജനസമൂഹത്തില്‍ നിന്നും വന്‍തോതിലുള്ള ആവശ്യവും ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടക മന്ത്രിസഭ ബില്ലിന് അനുമതി നല്‍കിയത്.