വനിതാ പോലീസ് ടിക്കറ്റ് എടുത്തില്ല ; എടുത്തേ പറ്റു എന്ന് വനിതാ കണ്ടക്ടര്‍ ; അവസാനം അടിപിടിയായി (വീഡിയോ)

സര്‍ക്കാര്‍ ബസ്സില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത വനിതാ പോലീസ് ടിക്കറ്റ് എടുക്കുവാന്‍ ആവശ്യപ്പെട്ട വനിതാ കണ്ടക്ടറിനെ മര്‍ദിച്ചു. എന്നാല്‍ പോലീസാണ് എന്നൊന്നും നോകാത്ത കണ്ടക്ടര്‍ തിരിച്ചും അടിച്ചു. ഹൈദ്രാബാദിലാണ് സംഭവം. തെലങ്കാനയിലെ മഹ്ബൂബ് നഗര്‍ നവാബ്‌പെട്ട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിത കുമാരിയും ബസ് കണ്ടക്ടര്‍ ശോഭാ റാണിയും തമ്മിലാണ് പതിനഞ്ച് രൂപയുടെ ടിക്കറ്റിനെച്ചൊല്ലി ബസ്സിനുള്ളില്‍ പരസ്പരം ഏറ്റു മുട്ടിയത്. മഹ്ബൂബ് നഗറില്‍ നിന്ന് നവാബ്‌പെട്ടിലേക്കുള്ള യാത്രയിലായിരുന്നു പൊലീസുകാരി. 23 കിലോമീറ്റര്‍ ദൂരമുള്ള യാത്രയ്ക്ക് കണ്ടക്ടര്‍ ടിക്കറ്റ് ചാര്‍ജ്ജായ 15 രൂപ ആവശ്യപ്പെട്ടപ്പോള്‍ താന്‍ യൂണിഫോമിലാണെന്നും പൊലീസുകാര്‍ക്ക് ടിക്കറ്റ് വേണ്ടെന്നുമായിരുന്നു രജിത കുമാരി.

എന്നാല്‍ കണ്ടക്ടര്‍ ശോഭാ റാണി ഇത് ചോദ്യം ചെയ്യുകയായിരുന്നു. വാറന്റ് നല്‍കാന്‍ പോകുമ്പോള്‍ മാത്രമേ പൊലീസുകാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുകയുള്ളൂ എന്നും അല്ലാത്ത യാത്രകള്‍ക്ക് ടിക്കറ്റെടുക്കണമെന്നും കണ്ടക്ടര്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാരി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ടിക്കറ്റ് തുക നല്‍കിയതുമില്ല. വാക്കു തര്‍ക്കത്തിനൊടുവില്‍ ഇരുവരും തമ്മില്‍ ഉന്തും തള്ളുമായി. ഇതോടെ യാത്രക്കാര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റി. പൊലീസായാലും ഏത് വിഐപി ആയാലും ടിക്കറ്റ് ഇല്ലാതെ ബസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വാശി പിടിച്ച വനിതാ കണ്ടക്ടറുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബസ്സിലെ ഒരു യാത്രക്കാരനാണ് വീഡിയോ എടുത്തത്.