വേട്ടക്കിടെ അമ്മയെ നഷ്ട്ടപ്പെട്ട കുഞ്ഞു ബബൂണിനെ വാത്സല്യത്തോടെ ചേര്‍ത്ത് പിടിച്ച് സിംഹം; ചിത്രങ്ങള്‍ വൈറല്‍

കാടും കാട്ടുമൃഗങ്ങളും എന്നും മനുഷ്യന് കൗതുകമാണ്. പക്ഷെ കാനന ഭംഗിയില്‍ നിന്നും അവരെ പിടികൂടി ഇരുമ്പഴിക്കുള്ളില്‍ പാര്‍പ്പിച്ച്, അവരുടെ അസ്വസ്ഥ കാണാനാണ് മനുഷ്യര്‍ ഇഷ്ടപ്പെടുന്നത്. അവന്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലേ എന്ന ഹുങ്കോടെ അവരെ വീക്ഷിക്കുമ്പോള്‍ വിനോദ സഞ്ചാരമെന്ന് അതിനു വിളിപ്പേരും മനുഷ്യന്‍ നല്‍കി. പക്ഷെ കാടിന്റെ വന്യതയില്‍പ്പോയി മൃഗങ്ങളെ കാണുന്ന തരത്തിലേക്കും ഇന്ന് ഈ വിനോദ സഞ്ചാര മേഖല വളര്‍ന്നു. പക്ഷെ അതിന്റെപിന്നാമ്പുറത്ത് വാണിജ്യ ലക്ഷ്യവുമുണ്ട്. ഇനി കാട്ടില്‍ കടന്നു അവയെ കണ്ടാലോ മനുഷ്യന്റെ ആധിപത്യമുറപ്പിക്കാനായി എന്തെങ്കിലും അടയാളം അവിടെ അവന്‍ ചെയ്തിരിക്കും. എന്തെങ്കിലും നശീകരണമോ. മൃഗങ്ങളെ പ്രകോപിക്കലോ ഉപദ്രവിക്കലോ അങ്ങനെ എന്തെങ്കിലും.

വന്യ ജീവികളെ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്നുതന്നെ ചിത്രങ്ങളായി പകര്‍ത്തി മറ്റുള്ളവരിലെക്കെത്തിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ന് ഒരുപാടുണ്ട്. കാടിനെ ശരിക്കും പാടിവച്ചാണ് അവര്‍ ഈ ഉദ്യമത്തിനിറങ്ങി തിരിക്കാറ്. ഓരോ ക്ലിക്കിലും കാടിന്റെ സുന്ദരതയില്‍ ഓരോ ജീവിയേയും ഒപ്പിയെടുക്കുമ്പോള്‍ നിരവധി കൗതുകങ്ങള്‍ക്കും വിചിത്ര പ്രവര്‍ത്തികള്‍ക്കും ഇവര്‍ സാക്ഷിയാകാറുണ്ട്.

ഇത്തരത്തില്‍ കാടിന്റെ ക്രൗര്യവും സ്‌നേഹവുമെല്ലാം കാണാന്‍ കഴിഞ്ഞ വന്യജീവി ഫൊട്ടോഗ്രഫറായ ഇവാന്‍ ഷില്ലറും ഭാര്യ ഹോള്‍സ്വാര്‍ത്തും ചേര്‍ന്നു പകര്‍ത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. കാട്ടുമൃഗങ്ങള്‍ക്കുമുണ്ട് സ്‌നേഹവും വാത്സല്യവും കരുതലുമെന്ന് തെളിക്കുന്നതാണ് ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ നിന്നു ഷില്ലറും ഭാര്യ ഹോള്‍സ്വാര്‍ത്തും ചേര്‍ന്നു പകര്‍ത്തിയ പകര്‍ത്തിയ ചിത്രങ്ങള്‍ . കാടിനേയും കാട്ടുമൃഗങ്ങളേയും ഏറെയടുത്തറിയുന്നവരാണ് വന്യജീവി ഫൊട്ടോഗ്രഫര്‍മാര്‍. അതുകൊണ്ടുതന്നെ കാട്ടിലെ അസുലഭ നിമിഷങ്ങള്‍ക്കൊക്കെ സാക്ഷിയാകാനും അവര്‍ക്കു സാധിക്കാറുണ്ട്. അങ്ങനെയൊരു അസുലഭ മുഹൂര്‍ത്തമാണ് ഇവര്‍ക്കും ലഭിച്ചത്.

ഒരുകൂട്ടം ബബൂണുകളെ വേട്ടയാടുന്ന സിംഹിണിയെയാണ് ഇവര്‍ ആദ്യം ഫോക്കസ് ചെയ്തത്. അതില്‍ ഒരു പെണ്‍ ബബൂണിനെ വേട്ടായാടി പിടിക്കുന്നതില്‍ സിംഹിണി വിജയിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നാണ് ഒരു സംഭവമുണ്ടായത്. സിംഹിണി കൊന്ന പെണ്‍ ബബൂണിനെ അള്ളിപ്പിടിച്ച് അതിന്റെ കുഞ്ഞ് ചേര്‍ന്നുകിടക്കുന്നത് വൈകിയാണ് അതിന്റെ ശ്രദ്ധയില്‍ പെട്ടത്. സിംഹത്ത കണ്ടു ഭയന്ന കുഞ്ഞു ബബൂണ്‍ അമ്മയെ വിട്ട് തൊട്ടടുത്തുണ്ടായിരുന്ന മരത്തില്‍ അള്ളിപ്പിടിച്ചു കയറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് മരത്തില്‍ കയറാനുള്ള മാത്രം ആരോഗ്യമുണ്ടായിരുന്നില്ല. എന്നാല്‍ സിംഹിണി മരത്തിലേക്കു പിടിച്ചു കയറിയ കുഞ്ഞു ബബൂണിനരികിലേക്ക് ചെന്നത് ഫൊട്ടോഗ്രഫര്‍മാരെ ഒരു നിമിഷത്തേക്കു ഭയപ്പെടുത്തി. സിംഹം കുഞ്ഞു ബബൂണിനെ ഭക്ഷിക്കും എന്നു കരുതിയ ഫൊട്ടോഗ്രഫര്‍മാരെ അമ്പരപ്പിച്ചുകൊണ്ട് സിംഹിണി അതിനെ കൗതുകത്തോടെ വീക്ഷിക്കാന്‍ തുടങ്ങി.

ബബൂണ്‍ കുഞ്ഞിനെ മണത്തും മെല്ലെ അതിനെ തലോടിയും അതിനൊപ്പം കളിക്കാന്‍ തുടങ്ങി. ഇരയെ അകത്താക്കുന്നതിനു മുന്‍പുള്ള കളിയാണിതെന്നായിരുന്നു അവരുടെ വിചാരം. ഏതു നിമിഷവും കുഞ്ഞു ബബൂണുമൊത്തുള്ള കളി അവസാനിപ്പിച്ച് അതിനെ സിംഹിണി കടിച്ചു കീറുമെന്ന പ്രതീക്ഷയില്‍ ഫൊട്ടോഗ്രഫര്‍മാറും ക്യാമറ തയാറാക്കി കാത്തിരുന്നു. എന്നാല്‍ ഇവരെ അമ്പരപ്പിച്ചു കൊണ്ട് സിംഹിണി കുഞ്ഞിനെയും തൂക്കിയെടുത്ത് അകലേക്കു നടന്നു. അവിടെക്കൊണ്ടുപോയി കുഞ്ഞുബബൂണിനെ തന്റെ കൈകളുടെ സുരക്ഷിതത്വത്തില്‍ ചേര്‍ത്തു പിടിച്ചു. സിംഹിണിയുടെ മാതൃവാത്സല്യമാകാം ബബൂണ്‍ കുഞ്ഞിനെ കാത്തത്. അല്‍പസമയത്തിനകം കുഞ്ഞുബബൂണും പേടിയകന്ന് ആ കൈകകളുടെ സുരക്ഷിതത്വത്തില്‍ അഭയം പ്രാപിച്ചിരുന്നു.

അപ്പോഴാണ് അകലെനിന്ന് ഒരു ആണ്‍ സിംഹത്തിന്റെ വരവ്. പെണ്‍ സിംഹത്തിനരികിലേക്കെത്തിയ ആണ്‍ സിംഹത്തെ കുഞ്ഞു ബബൂണിന്റെ സുരക്ഷയ്ക്കായി സിംഹിണി വിരട്ടിയോടിച്ചു. പെണ്‍ സിംഹത്തിന്റെ അപ്രതീക്ഷിതമായ പെരുമാറ്റം ആണ്‍സിംഹത്തെയും അമ്പരപ്പിച്ചു. എന്നാല്‍ ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് തൊട്ടടുത്ത മരത്തില്‍ കുഞ്ഞു ബബൂണിന്റെ യഥാര്‍ത്ഥ രക്ഷാകര്‍ത്താവുണ്ടായിരുന്നു. ഈയൊരു അവസരത്തിനായായിരുന്നു ആ അച്ഛന്‍ കാത്തിരുന്നത്. സിംഹിണി സിംഹത്തെ തുരത്താന്‍ പോയ തക്കംനോക്കി ആ പിതാവ് തന്റെ കുഞ്ഞിനെയുമെടുത്ത് നിമിഷങ്ങള്‍ക്കകം സ്ഥലം കാലിയാക്കി. കുഞ്ഞു ബബൂണുമായി വലിയൊരു മരത്തിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. ഇനിയാരും തന്റെ കുഞ്ഞിനെ പിടിക്കാന്‍ വരില്ലെന്ന കരുതലോടെ അവനെയും നെഞ്ചോടു ചേര്‍ത്ത് മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങളില്‍ ചേര്‍ന്നിരുന്നു.

കുഞ്ഞുബബൂണ്‍ അതിന്റെ അച്ഛന്റെ കൈകളില്‍ സുരക്ഷിതനായി എത്തിയതോടെ ഫൊട്ടോഗ്രഫര്‍മാര്‍ക്കു സമാധാനമായി. അപകടങ്ങളില്‍ നിന്നെല്ലാം അത്ഭുതകരമായി രക്ഷപെട്ട കുഞ്ഞു ബബൂണ്‍ സന്തോഷത്തോടെ അച്ഛനോടൊപ്പം ജീവിതത്തിലേക്കും ഒരുപിടി നല്ല ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ഫൊട്ടോഗ്രഫര്‍ ഇവാന്‍ ഷില്ലറും ഭാര്യയും അവിടെ നിന്നു മടങ്ങി.