കുല്‍ഭൂഷണ്‍ ജാദവിനു പകരം വേറെ ഭീകരനെ തരാമെന്ന് അവര്‍ പറഞ്ഞു; വെളിപ്പെടുത്തി പാക് വിദേശകാര്യ മന്ത്രി
പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിലര്‍ തന്നെ സമീപിച്ചിരുന്നതായി പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. കുല്‍ഭൂഷണിനു പകരമായി 2014ല്‍ പെഷാവര്‍ സ്‌കൂളില്‍ ആക്രമണം നടത്തിയ ഭീകരനെ കൈമാറാമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. ഒരു രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് തന്നെ സമീപിച്ചതെന്നു പറഞ്ഞ ആസിഫ്, അതാരാണെന്നു പക്ഷെ വെളിപ്പെടുത്തിയില്ല.
പക്ഷേ, പെഷാവറിലെ സൈനിക സ്‌കൂളില്‍ ആക്രമണം നടത്തിയ ഭീകരര്‍ നിലവില്‍ അഫ്ഗാനിസ്ഥാന്റെ പിടിയിലാണെന്നു ആസിഫ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഏഷ്യ സൊസൈറ്റിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി പാക്കിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങളും പരിപാടിയില്‍ ചര്‍ച്ചയായി. നിലവിലെ സ്ഥിതിക്കു മാറ്റമുണ്ടാകുന്നതുവരെ ഞങ്ങള്‍ പോരാട്ടം തുടരും.
പാക്കിസ്ഥാനും അഫിഗാനിസ്ഥാനും സമാധാനവും സ്ഥിരതയും നല്‍കാന്‍ ഒരു രാജ്യത്തിനും സാധിക്കില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ആസിഫ് പറഞ്ഞു.