മോദിയല്ല സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി അരുണ്‍ ജെയ്റ്റ്‌ലി എന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി : രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി അരുണ്‍ ജെയ്റ്റ്‌ലി ആണെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. സാമ്പത്തിക മാന്ദ്യം മുന്‍പ് യു.പി.എ ഭരിച്ച സമയം മുതല്‍ക്ക് ഉള്ളതാണ് എന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് തളര്‍ച്ച നേരിട്ട ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് ആവശ്യത്തിലേറെ സമയം ലഭിച്ചു. എന്നാല്‍ കാര്യമായ ഒന്നും സംഭവിച്ചില്ല. അതിന്റെ ഉത്തരവാദിത്വം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കാണ്. എന്നുമാണ് സ്വാമി പറഞ്ഞത്. ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ എന്നിവ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്തില്ല. പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ സജ്ജമല്ല എന്ന കാര്യം ജെയ്റ്റ്ലി അറിയിച്ചതേയില്ലെന്നും സ്വാമി കുറ്റപ്പെടുത്തി.
ധനമന്ത്രാലയത്തിന് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രി നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ ധനമന്ത്രാലയത്തില്‍ രാഷ്ട്രീയ, സാമ്പത്തിക വിദഗ്ധന്‍ ഇല്ലാതെ പോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്ന നിലാപാടാണ് യശ്വന്ത് സിന്‍ഹയുടെ പ്രസ്താവനയെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. അദ്ദേഹത്തിനെതിരെ നടപടി വേണമോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.