ബിജെപിയില്‍ അഭിപ്രായം പറയാന്‍ അവസരമില്ല; മോദിയുടെ വീടിനുമുന്നില്‍ സമരം വേണ്ടിവരുമോയെന്നും യശ്വന്ത് സിന്‍ഹ

ബി.ജെ.പിയില്‍ അഭിപ്രായം തുറന്നു പറയാന്‍ വേദിയില്ലെന്നു മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ നേതാക്കള്‍ക്കു ഭയമാണ്. പാര്‍ട്ടിയില്‍ വേദിയില്ലാത്തതുകൊണ്ടാണു തനിക്കു മാധ്യമങ്ങളില്‍ കാര്യങ്ങള്‍ തുറന്നെഴുതേണ്ടി വന്നതെന്നു സിന്‍ഹ പറഞ്ഞു.

സുപ്രധാന വിഷയങ്ങളിലെ അഭിപ്രായം അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ശ്രമിച്ചു. അദ്ദേഹം പക്ഷെ തയാറായില്ല. സമ്പദ്ഘടനയില്‍ മാന്ദ്യമല്ല മരവിപ്പാണ്. ശരിയായ രീതിയില്‍ കണക്കാക്കിയാല്‍ വളര്‍ച്ചാ നിരക്ക് ഇനിയും കുറയുമെന്നും സിന്‍ഹ തുറന്നടിച്ചു.

ഒരു വര്‍ഷം മുന്‍പുതന്നെ കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചു. എന്നാല്‍ അതിന് അദ്ദേഹം തയാറായില്ല. മോദിയുടെ വീടിനുമുന്നില്‍ ഇനി കുത്തിയിരിപ്പു സമരം നടത്തേണ്ടിവരുമോ? പാര്‍ട്ടിയിലോ സര്‍ക്കാരിലോ ആരും ഞങ്ങളെ കേള്‍ക്കാന്‍ തയാറാകുന്നില്ല. സാമ്പത്തിക അസ്ഥിരതയ്ക്കു യു.പി.എ. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. 40 മാസത്തെ ഭരണത്തിനുശേഷവും അതു ശരിയാക്കാന്‍ എന്‍.ഡി.എയ്ക്കു സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ടസാധുവാക്കല്‍ സാമ്പത്തിക ദുരന്തമാണെന്നു തെളിഞ്ഞുവെന്നു ദേശീയ മാധ്യമത്തിലെഴുതിയ യശ്വന്ത് സിന്‍ഹ, ഇന്ത്യയുടെ സാമ്പത്തികനില തകര്‍ന്നതില്‍ പാര്‍ട്ടിയിലെതന്നെ പലര്‍ക്കും അതൃപ്തിയുണെന്നും തുറന്നുപറഞ്ഞിരുന്നു.