മോചനദ്രവ്യം നല്‍കിയോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല; ദൈവത്തിന് നന്ദിയെന്ന് ഫാ. ടോം ഉഴുന്നാലില്‍

ദൈവത്തിന് നന്ദിയെന്ന് ഫാ. ടോം ഉഴുന്നാലില്‍. തന്നെ ഭീകരര്‍ ഉപദ്രവിച്ചിട്ടില്ല. ആരെയും കാണാന്‍ ഭീകരര്‍ അനുവദിച്ചിരുന്നില്ല. മോചനദ്രവ്യം നല്‍കിയോ ഇല്ലയോ എന്ന് തനിക്ക് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു.

ഭീകരര്‍ നാലിടത്തായി മാറ്റി പാര്‍പ്പിച്ചിരുന്നുവെന്നും തന്റെ മോചനത്തിനു ശ്രമിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ഫാ. ടോം ഡല്‍ഹിയില്‍ പറഞ്ഞു. യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്നാണ് ഇന്ത്യയില്‍ എത്തിയത്.

യെമനില്‍ ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഏഴരയ്ക്കുള്ള വിമാനത്തിലാണ് അദ്ദേഹം എത്തിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പിമാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

തന്റെ മോചനം സാധ്യമാക്കാന്‍ മുന്‍കൈയെടുത്ത ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള നന്ദിയും കടപ്പാടും ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ച അദ്ദേഹം തന്നെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഗ്യാംബസ്തിത ഡിക്വാത്രോയെ കാണാന്‍ വത്തിക്കാന്‍ എംബസിയിലും എത്തി.