അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം അഗ്യൂറോക്ക് കാറപകടത്തില്‍ പരിക്ക്

ആംസ്റ്റര്‍ഡാം: മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയ്ക്ക് കാറപകടത്തില്‍ പരിക്ക്. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ വച്ചാണ് അപകടമുണ്ടായത്.ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത് വിമാനത്താവളത്തിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അമിത വേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ ഒരു വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അഗ്യുറോ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.അപകട സമയത്ത് കാറില്‍ രണ്ടുപേരുണ്ടായിരുന്നു.

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ കളിക്കാനിരിക്കുകയായിരുന്നു അഗ്യുറോ. മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയ അഗ്യുറോ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാവും.
ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുന്ന അര്‍ജന്റീന ടീമില്‍ അംഗമാണ് അഗ്യുറോ. ഒക്ടോബര്‍ അഞ്ചിന് പെറുവിനെതിരെയും പത്തിന് ഇക്വഡോറിനെതിരെയുമണ് അര്‍ജന്റീനയുടെ ഇനിയുള്ള മത്സരങ്ങള്‍. മുന്‍ ചാമ്പ്യന്മാര്‍ക്ക് രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്.