ഐഎസ് തലവന്‍ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

ബെയ്‌റൂട്ട്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദ രേഖ പുറത്തുവന്നു. 46 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ രേഖയില്‍ ചോരചിന്തുന്ന തങ്ങളുടെ പോരാട്ടം ഇനിയും തുടരുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഐഎസുമായി ബന്ധമുള്ള മാധ്യമസ്ഥാപനം വ്യാഴാഴ്ചയാണ് ശബ്ദ രേഖ പുറത്തുവിട്ടത്.

ഏറ്റവും പുതിയ ലോക സാഹചര്യങ്ങള്‍ പ്രതിപാദിക്കുന്ന സന്ദേശത്തില്‍ അമേരിക്ക- ഉത്തരകൊറിയ സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടല്‍, മൊസൂളിനെക്കൂടാതെ, സിറിയയിലെ റാഖയിലും ഹാമയിലും നടക്കുന്ന ഏറ്റുമുട്ടല്‍, ലിബിയയിലെ സിര്‍ത്തിലെ ഏറ്റുമുട്ടല്‍ തുടങ്ങിയവയെക്കുറിച്ചും പരാമര്‍ശമുണ്ട്.
അതേസമയം ശബ്ദ രേഖയുടെ ഉറവിടമോ റെക്കോര്‍ഡ് ചെയ്ത ദിവസമോ വ്യക്തമല്ല.

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഐ എസ് തലവന്‍ വീണ്ടും ശബ്ദ സാന്നിധ്യത്തിലൂടെ രംഗത്തെത്തുന്നത്. 2014ല്‍ ഖിലാഫത്ത് പ്രഖ്യാപിക്കാനായി മൊസൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബഗ്ദാദിയെ അവസാനമായി പൊതുമധ്യത്തില്‍ ബാഗ്ദാദി എത്തുന്നത്. ഇതിന് ശേഷം ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നുംതന്നെ പുറത്തുവന്നിരുന്നില്ല.

ശബ്ദ രേഖകള്‍ മാത്രമാണ് പുറത്തുവന്നിരുന്നത്. ഇതിന് പിന്നാലെ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ അമേരിക്കയോ റഷ്യയോ തയ്യാറായിട്ടില്ല. ഇതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നത്. ഐ എസ് അധീന പ്രദേശമായ ഇറാഖ്- സിറിയ മേഖലയില്‍ ബാഗ്ദാദി ഇപ്പോഴും ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് സംശയിക്കുന്നത്.