മുംബൈയില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 27 മരണം

മുംബൈ:മുംബൈ പ്രഭാദേവി റെയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കുട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു. റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തിലാണ് ആളുകളുടെ എണ്ണത്തിന്റെ ആധിക്യം മൂലമുണ്ടായ തിരക്കില്‍ പെട്ട് ദുരന്തമുണ്ടായത്. പരേല്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്റ്റേഷനിലേക്ക് പോകാനായി നിര്‍മിച്ച നടപ്പാലമാണിത്.

ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്തുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പോലീസും അഗ്‌നിശമന സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഴയെ തുടര്‍ന്ന് ആളുകള്‍ പാലത്തിലേക്ക് കൂട്ടമായി ഓടിക്കയറിയതാണ് തിരക്കുണ്ടാകാന്‍ കാരണമെന്നാണ് ചിലര്‍ പറയുന്നത്. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം ആളുകള്‍ പരിഭ്രാന്തരായതാണ് സംഭവത്തിന് കാരണമെന്നും പറയുന്നു.പാലത്തിന്റെ ഇടുങ്ങിയ സ്ഥലത്താണ് അപകടം നടന്നത്.

പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത് വലിയ തിരക്ക് എപ്പോഴും ഈ പാലത്തില്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ അപകടം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. എല്‍ഫിന്‍സ്റ്റണ്‍ എന്നായിരുന്നു ഈ റെയില്‍വേ സ്റ്റേഷന്റെ പഴയ പേര്. കുറച്ചുനാള്‍ മുമ്പാണ് ഇതിന് പ്രഭാദേവി എന്ന് പേരുമാറ്റിയത്.