കുറ്റവാളിയായ അമ്മ കോടതിയില്‍; വിശന്നു കരഞ്ഞ കുഞ്ഞിനെ പാലൂട്ടി പോലീസ് ഓഫീസര്‍

ബീജിംഗ്: കോടതിയില്‍ വിചാരണക്കെത്തിയ അമ്മയുടെ നാലു വയസ്സുള്ള കുഞ്ഞിന് പാലുകൊടുത്ത ഹാവോ ലിന എന്ന പോലീസുകാരി സമൂഹമാധ്യമങ്ങളിലെ താരമായിരിക്കുകയാണിപ്പോള്‍.സെപ്റ്റംബര്‍ 23ന് ചൈനയിലെ ഷാന്‍ഷി ജിന്‍ഷോങ് ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍ കോടതിയിലാണ് മാതൃ സ്‌നേഹത്തിന്റെ മൂല്യം വെളിവാക്കുന്ന സംഭവം അരങ്ങേറിയത്.

ഒരു പണം തട്ടിപ്പ് കേസില്‍ ആരോപിതയായിരുന്നു കുട്ടിയുടെ അമ്മ. കുട്ടിയുടെ അമ്മ അടക്കം 33 പേരാണ് ഈ കേസിലെ പ്രതികള്‍. കോടതി നടപടികളിലേക്ക് കടക്കും മുന്‍പ് ഹാവോ ലിന എന്ന പോലീസ് ഓഫീസറുടെ കയ്യിലാണ് അമ്മ തന്റെ കുട്ടിയെ ഏല്‍പ്പിച്ചത്. പോലീസ് ഓഫീസറുടെ കൈയ്യിലെത്തി കുറച്ച് സമയത്തിനു ശേഷം കുട്ടി കരയുവാന്‍ തുടങ്ങി. വിശന്നതുകൊണ്ടാണ് കുഞ്ഞ്  കരയുന്നതെന്ന് മനസിലാക്കിയ ഹാവോ ലീന മടിയൊന്നും ഇല്ലാതെ കുട്ടിക്ക് മുലയൂട്ടി.

‘കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു. ഞങ്ങളെല്ലാം എന്ത് ചെയ്യുമെന്ന ആശങ്കയിലായിരുന്നു. ഞാന്‍ അടുത്തിടെ അമ്മയായ ആളാണ്. കുഞ്ഞ് കരഞ്ഞാല്‍ അമ്മ എത്രമാത്രം ഉത്കണ്ഠാകുലയാവുമെന്ന് എനിക്ക് നന്നായിട്ടറിയാം.കരച്ചില്‍ നിര്‍ത്തി കുഞ്ഞിന് ആശ്വാസം നല്‍കുക എന്ന ഉദ്ദേശമേ എനിക്കുണ്ടായിരുന്നുള്ളൂ’ ലിന പറയുന്നു.