രാജ്യതലസ്ഥാനത്ത് വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യുണിറ്റ്

ന്യൂ ഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാനത്ത് വേള്‍ഡ് മലയാളി ഫെഡറേഷന് തേരോട്ടം. ഡല്‍ഹി മലയാളികളുടെ സാന്നിധ്യത്തില്‍ ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ പുതിയ യുണിറ്റ് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക റൂട്ട്‌സിന്റെ ജോയിന്റ് സെക്രട്ടറി എസ്. ശ്യാം കുമാര്‍, സിറില്‍ സഞ്ജു എന്നിവര്‍ പ്രഭാഷണം നടത്തി.

ഡബ്ലിയു.എം.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജോബി നീണ്ടുകുന്നേല്‍ പ്രസിഡന്റായി അഡ്ഹോക് കമ്മിറ്റിയും നിലവില്‍ വന്നു. അജയ് ജെ.കെ, അഡ്വ. സായിദ് മര്‍സൂഖ് ബാഫഖി, പ്രീത ബാലകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), സിബി വര്‍ഗീസ് (സെക്രട്ടറി), ദേവാനന്ദ് നായര്‍ (ജോയിന്റ് സെക്രട്ടറി), സെബാസ്റ്റ്യന്‍ എ (ട്രെഷറര്‍), ബിജു ഫിലിപ്പ് (ചാരിറ്റി കണ്‍വീനര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

ഡല്‍ഹി യൂണിറ്റിന്റെ രക്ഷാധികാരികളായി ലോറന്‍സ് സക്കറിയയും മാനുവല്‍ മെഴുകനാലും ചുമതലയേറ്റു. രാജ്യ തലസ്ഥാനത്ത് കേരളത്തിന് വെളിയിലുള്ള മലയാളികള്‍ക്ക് വേണ്ടി ഒരു ആഗോള സംഘടനയ്ക്ക് യുണിറ്റ് ഉണ്ടാകുക എന്നത് ഏറെ ശ്രദ്ധേയമാണെന്നും, ഡല്‍ഹി മലയാളികളെ ലോകം മുഴുവനുമായുള്ള മലയാളികളുമായി ബന്ധിപ്പിക്കാന്‍ ലഭിച്ച അവസരം ഏറെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഡബ്ലിയു.എം.എഫ് നിമിത്തമായതില്‍ സന്തോഷിക്കുന്നുവെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.

2016ന്റെ അവസാനം ജന്മമെടുത്ത വേള്‍ഡ് മലയാളി ഫെഡറേഷന്‍ എല്ലാ ഭൂഖണ്ഡങ്ങളിലുമായി 70 രാജ്യങ്ങളിലധികം വ്യാപിച്ചുകഴിഞ്ഞു. എല്ലാ രാജ്യങ്ങളിലും തന്നെ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുകഴിഞ്ഞു. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.