മീശപിരിച്ചുവെച്ചതിന് ദളിത് യുവാക്കള്‍ക്ക് മേല്‍ജാതിക്കാരുടെ ക്രൂരമര്‍ദ്ദനം; സംഭവം ഗുജറാത്തില്‍

അഹമ്മദാബാദ്: മീശ പിരിച്ച് വെച്ചതിന് ദളിത് യുവാവിനെയും ബന്ധുവിനെയും മേല്‍ജാതിക്കാര്‍ ക്രൂരമായി മര്‍ദിച്ചവശനാക്കി. ഗാന്ധിനഗര്‍ ജില്ലയിലെ ലിബുദാര ഗ്രാമത്തിലാണ് സംഭവം നടന്നത്. താഴ്ന്ന ജാതിക്കാരായവര്‍ മീശ പിരിച്ചു നടക്കുന്നോ എന്നാക്രോശിച്ചായിരുന്നു മര്‍ദനം. യുവാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു.

നവരാത്രി ആഘോഷത്തിനെ തുടര്‍ന്ന് ഗര്‍ബ നൃത്തം കണ്ട് തിരിച്ചു വരുന്നതിനിടയ്ക്കായിരുന്നു ആക്രമണം. രാത്രിയായതിനാല്‍ ആക്രമിച്ചവരെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരു കീഴാളന്‍ മീശപിരിച്ച് മേല്‍ജാതിക്കാരെ കളിയാക്കാറായോ എന്ന് നിരന്തരം ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നെന്നും ആക്രമത്തിനിരയായവര്‍ പറഞ്ഞു.

ഇത് ആദ്യമായല്ല മീശപിരിച്ചതിന്റെ പേരില്‍ ദളിതര്‍ ആക്രമിക്കപ്പെടുന്നത്. ഇതിനുമുന്‍പും ഇതു പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.