ദീപാവലി ആഘോഷം വൈറ്റ് ഹൗസില്‍ തുടരണമെന്നാവശ്യപ്പെട്ട് സെനറ്ററുടെ കത്ത്

പി.പി. ചെറിയാന്‍

President Barack Obama and First Lady Michelle Obama dance with children at the Diwali candle lighting and performance at Holy Name High School in Mumbai, India, Nov. 7, 2010. (Official White House Photo by Pete Souza)

വാഷിംഗ്ടണ്‍ ഡി.സി: വര്‍ഷങ്ങളായി വൈറ്റ് ഹൗസില്‍ നടന്നുവന്നിരുന്ന ദീപാവലി ആഘോഷങ്ങള്‍ ഈവര്‍ഷവും സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന്‍ ഹാച്ച് (യൂട്ട) വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പില്‍ ട്രംപ് ഇന്ത്യന്‍ സമൂഹത്തിനു നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും സെനറ്റര്‍ കത്തില്‍ ആവശ്യപ്പെട്ടു.

2009-ല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത ആദ്യ പ്രസിഡന്റ് എന്ന പദവി ബരാക് ഒബാമയ്ക്കായിരുന്നു. 2010-ല്‍ ബരാക് ഒബാമ ആദ്യമായി ആദ്യമായി ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവിടെ നടന്ന ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.

2009 മുതല്‍ തുടര്‍ച്ചയായി എല്ലാവര്‍ഷവും മുടങ്ങാതെ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ നടന്നിരുന്നുവെങ്കിലും ഈവര്‍ഷം സെപ്റ്റംബര്‍ 28-നു വൈറ്റ് ഹൗസ് പ്രസ്മീറ്റില്‍ ദീപാവലി ആഘോഷത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല.

ട്രംപിന്റെ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഹിന്ദു അമേരിക്കന്‍ കമ്യൂണിറ്റി ഒറ്റെക്കാട്ടായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് നല്‍കിയതെന്ന് സെനറ്റര്‍ ഹാച്ച് പറഞ്ഞു. റിപ്പബ്ലിക്കന്‍ ഹിന്ദു കൊയ്ലിഷനാണ് ഇതിനു നേതൃത്വം നല്‍കിയതെന്നും സെനറ്റര്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രത്തിന്റെ പ്രത്യേക മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിനു ന്യൂനപക്ഷ വിഭാഗമായ ഹിന്ദു അമേരിക്കന്‍ കമ്യൂണിറ്റി വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.