മുബൈ അപകടം: മൃതദേഹങ്ങളില്‍ ചാപ്പകുത്തി ആശുപത്രി അധികൃതര്‍, വിവാദമായതോടെ വിശദീകരണം

മുംബൈ റെയില്‍വേസ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളെ അവഹേളിച്ച് കെ.ഇ.എം. ആശുപത്രി. ദുരന്തത്തില്‍പെട്ട് മരിച്ചവരെ തിരിച്ചറിയാന്‍ ഓരോ മൃതദേഹത്തിന്റെയും നെറ്റിയില്‍ ഒന്നുമുതലുള്ള അക്കങ്ങള്‍ ആശുപത്രി ചാപ്പ കുത്തി . മാത്രമല്ല മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചതും വലിയ വിവാദമായി.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനിലെ ഇടുങ്ങിയ നടപ്പാതയില്‍ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ നെറ്റിയില്‍ മഷി കൊണ്ടെഴുതിയത് മൃതദേഹങ്ങളെ എളുപ്പം തിരിച്ചറിയാനാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈ പ്രവൃത്തിയില്‍ അധാര്‍മ്മികമായി യാതൊന്നുമില്ലെന്ന രീതിയിലാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.

“തങ്ങള്‍ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ആളുകളെ എളുപ്പം തിരിച്ചറിയാനും ആശയക്കുഴപ്പം ഇല്ലാതാക്കാനും സ്വീകരിച്ച ശാസ്ത്രീയ രീതിയാണിത്. മരിച്ച 23 പേരുടെയും മൃതദേഹങ്ങള്‍ നോക്കി തിരിച്ചറിയുക എന്നത് ബന്ധുക്കള്‍ക്ക് വലിയ മാനസിക ആഘാതമാണുണ്ടാക്കുക. അതിനാലാണ് ചിത്രങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചത്” സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശുപത്രി പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നമ്പറുകള്‍ മായ്ച് കളഞ്ഞിട്ടുണ്ട്. ആളുകളെ എളുപ്പവും വേഗത്തിലും മാന്യമായ രീതിയിലും തിരിച്ചറിയാന്‍
ആശുപത്രി സ്വീകരിച്ച ശാസ്ത്രീയ മാര്‍ഗ്ഗത്തെ വിമര്‍ശിക്കുന്നത് നീതീകരിക്കാനാവാത്തതും അവിവേകവുമാണെന്നും ആശുപത്രി അധികൃതര്‍ കുറ്റപ്പെടുത്തി.