ഹൂസ്റ്റണ്‍ ദുരിതാശ്വാസ നിധി: ഇന്തോ- അമേരിക്കന്‍ ദമ്പതിമാര്‍ സംഭവാന നല്‍കിയത് 250,000 ഡോളര്‍

പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റ് നാശം വിതച്ച ഹൂസ്റ്റണിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മേയര്‍ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്തോ-അമേരിക്കന്‍ ദമ്പതികള്‍ സംഭവാന ചെയ്തത് 250,000 ഡോളര്‍. അമിത് ഭണ്ഡാരി, ഭാര്യ അര്‍പ്പിത എന്നിവരാണ് തുക കൈമാറിയത്.

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ പേരില്‍ നല്‍കിയ തുക ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ ഏറ്റുവാങ്ങി. ബയോ ഉര്‍ജ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് അമിത് ഭണ്ഡാരി. ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ സമുന്നതരായ നേതാക്കള്‍ അമിത് ഭണ്ഡാരിയെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.

ഇന്തോ- അമേരിക്കന്‍ സമൂഹം കാണിച്ച ഉത്തമ മാതൃകയെ ഹൂസ്റ്റണ്‍ മേയറും പ്രശംസിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയ നേതൃത്വം അഭിനന്ദാവഹമാണെന്ന് ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലും അഭിപ്രായപ്പെട്ടു. ഗവര്‍ണറുടെയും മേയറുടെയും ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.