ഡല്‍ഹി ; ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരിലാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആലപ്പുഴ സ്വദേശിനിയായ യുവതിയെ പുറത്താക്കിയത്. ഡല്‍ഹിയിലെ ഐ.എല്‍.ബിഎല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ശുചിമുറിയില്‍ വെച്ചാണ് യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. നഴ്‌സുമാരെ പീഡിപ്പിക്കുന്ന തരത്തിലുള്ള ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ ഇവരുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമെന്നോണം ഇന്ന് ഉച്ചയോടെ ആശുപത്രി അധികൃതര്‍ ഇവരെ പിരിച്ചു വിട്ടതായി അറിയിച്ചു കൊണ്ട് നോട്ടീസ് നല്‍കി.
ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് മകളെ സഹപ്രവര്‍ത്തകയെ ഏല്‍പിച്ച യുവതി ശുചിമുറിയില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. യുവതി ഈ ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തോളമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.