ഉദാഹരണമാകേണ്ടത് ഇങ്ങനെയല്ലെന്ന് മഞ്ജു വാര്യരോട് ഫാന്‍സുകാര്‍; നടിക്ക് സ്വാഗതമോതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു
ആലപ്പുഴ: പാവപ്പെട്ട രോഗികളെ വലച്ച് നടി മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ ചിത്രം ഉദാഹരണം സുജാതയുടെ പ്രചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനത്തില്‍ നിന്ന് നടി അവസാന നിമിഷം പിന്‍വലിഞ്ഞു. മഞ്ജു വാര്യര്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
മുന്‍കൂറായി നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുകയും രോഗികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടിയുടെ തലേന്ന് മഞ്ജു വരില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ക്യാമ്പ് മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ ക്യാമ്പ് മാറ്റിയത് അറിയാതെ എത്തിയ രോഗികളും ബന്ധുക്കളും വെട്ടിലായി. മഞ്ജുവിനെ സ്വാഗതം ചെയ്ത് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വഴിയരികിലെല്ലാം വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
മഞ്ജുവിന്റെ ഫാന്‍സ് അസോസിയേഷനില്‍ അംഗമായ ഡോക്ടറാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഇതിനായി ഡോക്ടര്‍മാര്‍ക്ക് വന്‍ തുക നല്‍കി മെഡിക്കല്‍ ക്യാമ്പിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം മഞ്ജു പിന്‍മാറിയതോടെ വന്‍ തുകയ്ക്ക് വാങ്ങിയ മരുന്നുകളും പാഴായി.
താരത്തിന്റെ നിലപാട് മാറ്റത്തില്‍ പ്രതിഷേധിച്ച് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചു കഴിഞ്ഞു. മഞ്ജുവിനെ സ്വാഗതം ചെയ്ത് മോഹന്‍ലാല്‍ ഫാന്‍സുകാരും ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ താരത്തിന്റെ പിന്‍മാറ്റത്തോടെ അവരും വെട്ടിലായി. ഇതോടെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മഞ്ജുവിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.