‘മമ്മ, ഞാന്‍ ഒരു തീവ്രവാദിയല്ല, സ്‌കൂള്‍ വിദ്യാര്‍ഥിയാണ്’; അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

കല്യാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച മുസ്ലീം വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. യു.പിയിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ആര്‍ഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്വരൂപ് നഗറില്‍ താമസിക്കുന്ന വിദ്യാര്‍ഥി തന്നെ അപമാനിച്ചതില്‍ മനംനൊന്താണ് ഈ മാസം 23നാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

”മമ്മ, ഞാന്‍ ഒരു തീവ്രവാദിയല്ല, സ്‌കൂള്‍ വിദ്യാര്‍ഥിയാണ്’- ബോധം വന്നപ്പോള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള അഭ്യര്‍ഥനയുടെ സ്വരത്തിലാണിത് കുട്ടി ഇത് പറഞ്ഞത്.

സ്‌കൂളിലെ അധ്യാപികമാരില്‍ നിന്നും പ്രിന്‍സിപ്പലില്‍ നിന്നും ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് കുറിപ്പ് എഴുതിവെച്ചാണ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചത്. തന്നെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ച ഈ നാല് അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ തക്കതായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കുട്ടി കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

പഠിച്ച് എ.പി.ജെ. അബ്ദുല്‍ കലാമിനെപോലെ വലിയൊരു ശാസ്ത്രജ്ഞന്‍ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, അധ്യാപകര്‍ക്ക് തന്നെ സംശയമായിരുന്നെന്നും തന്റെ ബാഗുകള്‍ എന്നും പരിശോധിക്കുമായിരുന്നെന്നും അവന്‍ കത്തില്‍ പറയുന്നു. എപ്പോഴും ക്ലാസിലെ ഏറ്റവും പിറകിലെ നിരയില്‍ ആയിരുന്നു ഇരുത്തിയിരുന്നത്. സംശയം ചോദിക്കുമ്പോഴെല്ലാം ക്ലാസില്‍ നിന്ന് പുറത്താക്കുമായിരുന്നു. ടീച്ചര്‍മാരുടെ ഈ രീതി കാരണം മറ്റു കുട്ടികളെല്ലാം തന്നെ ഒറ്റപ്പെടുത്തിയിരുന്നതായും വിദ്യാര്‍ഥി പറയുന്നു.

ഹാപുരില്‍ നിന്നുള്ള വസ്തു, നിര്‍മാണ സാമഗ്രി വില്‍പനക്കാരനാണ് കുട്ടിയുടെ പിതാവ്. രണ്ടുമാസം മുമ്പാണ് ഈ സ്‌കൂളില്‍ ചേര്‍ന്നത്. അന്നുമുതല്‍ തന്നോട് മിണ്ടരുതെന്ന് ടീച്ചര്‍മാര്‍ മറ്റു കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അധ്യാപകര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കുട്ടിക്കെതിരെ മോശമായസമീപനം ഉണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു.