രാജേഷിന്റെ കൊലയ്ക്കു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് തര്‍ക്കങ്ങള്‍; അന്വേഷണത്തിന് പ്രത്യേക സംഘം, കൊലനടത്തിയത് തട്ടിക്കൊണ്ടുവന്ന ശേഷം

തൃശൂര്‍: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജേഷിന്റെ കൊലയ്ക്ക് പിന്നില്‍ ഇടപാടുകള്‍ക്കിടയിലെ തര്‍ക്കങ്ങളാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി യതീഷ് ചന്ദ്ര. രാജേഷിനെ തട്ടിക്കൊണ്ടുവന്ന ശേഷമാണ് കൊല നടത്തിയത്.

നാലു പേര്‍ ഇതിനകം അറസ്റ്റിലായി. രണ്ടു പേര്‍ കൂടി ഇനി പിടിയിലായകാനുണ്ട്. ജോണി, രഞ്ജിത് എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും. തിരിച്ചറിയല്‍ പരേഡിനു ശേഷം അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എസ്.പി പറഞ്ഞു.

ഫോറന്‍സിക് തെളിവുകള്‍ എല്ലാം സ്വീകരിച്ചുവരികയാണ്. 24 മണിക്കൂറിനുള്ളില്‍ നാല് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമാണ്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ കുറിച്ച് ഉയര്‍ന്ന ആരോപണം സംബന്ധിച്ചും പോലീസ് അന്വേഷിക്കും. ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും റൂറല്‍ എസ്.പി. അറിയിച്ചു.

തൃശുര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കൊലപാതകം അന്വേഷിക്കുക.