ഞങ്ങള്‍ക്ക് ആദ്യം വേണ്ടത് ബുള്ളറ്റ് ട്രെയിനുകളല്ല; ട്വീറ്റുകളിലൂടെ പ്രതിഷേധിച്ച് മൂംബൈ ജനത

മുംബൈ: 22 പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കാനും ഇടയാക്കിയ മുംബൈയിലെ റെയില്‍വേ മേല്‍പ്പാല അപകടത്തിന് പിന്നാലെ റെയില്‍വേക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുംബൈ നിവാസികള്‍.

ബ്രീട്ടീഷ് കാലത്ത് നിര്‍മിച്ച റെയില്‍വേ മേല്‍പ്പാലം മാറ്റി സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഗൗരവമായി കാണാത്തതില്‍ പ്രതിഷേധിച്ചാണ് ട്വീറ്റുകളും കമന്റുകളും വഴി റെയില്‍വേക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. അപകടമുണ്ടാകുന്നതിന് വളരെ മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ പ്രശ്‌നത്തെ കുറിച്ച് അധികൃതരെ നിരവധി തവണ അറിയിച്ചതാണ്.

പക്ഷെ അവഗണിക്കുകായിരുന്നുവെന്ന് മുംബൈക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്ങള്‍ക്ക് വേണ്ടത് ബുള്ളറ്റ് ട്രെയിനല്ല മറിച്ച് കൂടുതല്‍ സുരക്ഷയുള്ള മേല്‍പ്പാലങ്ങളും റെയില്‍വേ പ്ലാറ്റ് ഫോമുകളുമാണെന്നാണ് പലരും പറയുന്നത്.

ഒരുവര്‍ഷം മുമ്പ് പലരും ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെയും ടാഗ് ചെയ്തുകൊണ്ട് തന്നെ പലരും ട്വീറ്റുകളിലൂടെ അപകടസാധ്യത അറിയിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏകദേശം 1600 പേരെങ്കിലും തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണും റെയില്‍പാളങ്ങള്‍ മുറിച്ച് കടക്കുമ്പോഴെല്ലാം മുംബൈയില്‍ മരിച്ചിട്ടുണ്ട്.