മുംബൈ റെയില്‍വേ ദുരന്തം ; നടന്നത് കേന്ദ്രസര്‍ക്കാരിന്റെ കൂട്ടക്കൊല എന്ന് ശിവസേന

മുംബൈയില്‍ നടന്നത് കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയാണെന്ന ആരോപണവുമായി ശിവസേന. മുംബൈയിലെ എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ കാല്‍നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ച സംഭവത്തിലാണ് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സഖ്യകക്ഷിയായ ശിവസേന രംഗത്ത് എത്തിയത്. പാവപ്പെട്ടവര്‍ക്ക് മരണവും പണക്കാര്‍ക്ക് ബുള്ളറ്റ് ട്രെയിനും അതാണ്‌ കേന്ദ്രത്തിന്‍റെ ഭരണനേട്ടം എന്ന് ശിവസേന ആരോപിക്കുന്നു. ആദ്യം റെയില്‍വേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, അതു കഴിഞ്ഞു മതി ബുള്ളറ്റ് തീവണ്ടികള്‍ കൊണ്ടുവരുന്നതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കണമെന്നും ശിവ്‌സേന ആവശ്യപ്പെട്ടു.

റെയില്‍വേ സ്റ്റേഷനിലെയും പാലത്തിലെയും തകരാറുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ തങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും തങ്ങളുടെ എംപി പലതവണ റെയില്‍വേ മന്ത്രാലയവുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറയുന്നു. എതിര്‍ ദിശയിലുള്ള രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ ഒരേ സമയം രണ്ട് ട്രെയിനുകള്‍ വന്നതോടെ ജനങ്ങള്‍ തിരക്കിട്ട് ഓടിയതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. ദുരന്തം ഒഴിവാക്കാനാകുമായിരുന്നവെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിലേക്കു നയിച്ചതെന്നും ജനങ്ങള്‍ ആരോപിക്കുന്നു. പാവപ്പെട്ട യാത്രക്കാരെ കേന്ദ്രം കൊന്നു, പണക്കാര്‍ക്കു വേണ്ടി അവര്‍ ബുള്ളറ്റ് തീവണ്ടിയെക്കുറിച്ച് സംസാരിക്കുകയാണെന്നും ശിവസേന ആരോപിക്കുന്നു. ആവശ്യപ്പെടാതെയാണ് ജനങ്ങള്‍ക്ക് ബുള്ളറ്റ് തീവണ്ടി ലഭിച്ചിരിക്കുന്നതെന്നും ശിവസേന പറയുന്നു. ഏത് പ്രശ്നമാണ് ഈ ബുള്ളറ്റ് തീവണ്ടി പരിഹരിക്കുന്നതെന്ന ചോദ്യവും ശിവ്സേന ഉന്നയിക്കുന്നു.

പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് ശിവ്സേന ബുള്ളറ്റ് തീവണ്ടി പദ്ധതിയെ വിമര്‍ശിക്കുന്നത്. ബുള്ളറ്റ് തീവണ്ടി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതി ആയിരിക്കാം. എന്നാല്‍ സാധാരണക്കാരന് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ബിജെപി സഖ്യ കക്ഷിയായ ശിവസേന ആരോപിക്കുന്നു. രാജ്യത്തെ ഏറ്റവും ആദ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷന്‍. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച മേല്‍പാലമാണ് ഇവിടെയുള്ളത്. റെയില്‍വേ സ്റ്റേഷന്‍ പുതുക്കിപ്പണിയാനും വികസിപ്പിക്കാനും കാല്‍ നടപ്പാലത്തിന്റെ വീതി കൂട്ടാനുമുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുന്‍ റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു 2016 ല്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഇതില്‍ തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.