സര്‍ക്കാര്‍ ശമ്പളത്തില്‍ ചില ഉദ്യോഗസ്ഥര്‍ തൃപ്തരല്ല; ചിര്‍ക്ക് ആര്‍ത്തി, ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് വഴിപ്പെട്ടു, ആരോപണങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനമഴിച്ചുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മരാമത്ത് ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം. ഇപ്പോള്‍ അക്കാര്യത്തില്‍ പോരായ്മയുണ്ട്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണത്തിന് പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങില്ല. ഇത് ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ല.

തിരുവനന്തപുരത്ത് എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനെ സേവിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ശമ്പളം കിട്ടുന്നുണ്ടെങ്കിലും ചിലര്‍ അതില്‍ തൃപ്തരല്ല. ചില ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആര്‍ത്തിയാണ്.

കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് അവരുടെ രീതി. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരമാത്ത് വകുപ്പിനെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കിടയിലുള്ള കാഴ്ചപ്പാടിന് കാരണം മുന്‍കാലത്തെ പ്രവര്‍ത്തനങ്ങളാണ്. ഇത് തിരുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.