ചരക്കു സോവന നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അരുണ്‍ ജെയ്റ്റിലി; ജിഎസ്ടി കാര്യക്ഷമമാക്കാന്‍ ശ്രമിക്കുകയാണ്
ചരക്ക് സേവന നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നികുതി വരുമാനം സ്വാഭാവികമായിക്കഴിഞ്ഞാല് നിരക്കുകള്‍ കുറയ്ക്കാന്‍ സാധിക്കും.
ഇതിനുശേഷം കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്നും ഫരീദാബാദില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി വ്യക്തമാക്കി. ചരക്ക് സേവന നികുതി കാര്യക്ഷമമാക്കാന്‍ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നിലവിലെ രീതികള്‍ മെച്ചപ്പെടുത്തി ചെറുകിട നികുതി ദായകരുടെ ഭാരം ലഘൂകരിക്കാന്‍ ശ്രമിക്കും. നികുതി വരുമാനം സ്വാഭാവികമാകുന്നതോടെ കുറഞ്ഞ സ്ലാബുകള്‍ കൊണ്ടുവരുന്നതടക്കമുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വികസന പ്രവര്‍ത്തനങ്ങളുടെ ജീവനാഡി നികുതി വരുമാനമാണെന്ന് ധനമന്ത്രി പറഞ്ഞു. വരുമാനം വര്‍ധിച്ചാല്‍ ദേശസുരക്ഷയ്ക്കും ഗ്രാമീണ സമ്പദ് ഘടനയുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ പണം ചെലവഴിക്കാനാകും. വികസനം ആവശ്യപ്പെടാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക നികുതിയായി നല്‍കാനുള്ള ബാധ്യതയും ജനങ്ങള്‍ക്കുണ്ട്.