ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍

വിയന്ന: ഓസ്ട്രിയയില്‍ ഏറെ ചര്‍ച്ച ചെയ്ത ബുര്‍ഖ നിരോധനം സംബന്ധിച്ച നിയമം പ്രാബല്യത്തില്‍. ഒക്ടോബര്‍ ഒന്ന് (ഞായര്‍) മുതല്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന ബുര്‍ഖ പൊതുസ്ഥലങ്ങളിലും, കെട്ടിടങ്ങളിലും നിരോധിച്ചുകൊണ്ടാണ് നിയമം പ്രാബല്യത്തില്‍ ആയിരിക്കുന്നത്.

2011ല്‍ ഫ്രാന്‍സിലാണ് മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രധാരണത്തിനു യുറോപിയന്‍ യൂണിയനില്‍ ആദ്യമായി നിരോധനം വരുന്നത്. പിന്നീട് യൂണിയനിലെ മറ്റ് രാജ്യങ്ങളിലും സമാനമായ നീക്കങ്ങള്‍ നടന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമം ലംഘിക്കുന്നവര്‍ക്ക് ഓസ്ട്രിയയില്‍ 150 യൂറോ (111,553 രൂപ ) വരെ പിഴ ഒടുക്കേണ്ടി വരും. അതേസമയം തീവ്ര സ്വഭാവം വിവരിക്കുന്ന മെറ്റീരിയലുകള്‍ രാജ്യത്ത് വിതരണം ചെയ്യുന്നതിനും നിയമതടസം ഉണ്ട്. കുടിയേറ്റക്കാരെ ഒരു ‘ഏകീകരണ കരാര്‍’ ഒപ്പിടിക്കുന്നതുള്‍പ്പെടെ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

അതോടൊപ്പം ഓസ്ട്രിയയിലെ ‘മൂല്യങ്ങള്‍’ മനസിലാക്കുന്നതിനും ജര്‍മന്‍ ഭാഷ പഠനത്തിനുമായി സര്‍ക്കാര്‍ തലത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സംയോജിത പരിപാടികളും ആവീഴ്കരിച്ചട്ടുണ്ട്. ഈ കാര്യങ്ങളില്‍ പങ്കെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ വരെ റദ്ദാക്കാന്‍ നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ നിയമം.

രാജ്യത്ത് എത്തുന്ന സന്ദര്‍ശകര്‍ക്കും പുതിയ നിയമം ബാധകമാണ്. ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ കേണ്‍ ആണ് പുതിയ നിയമനിര്‍മ്മാണം മുന്നോട്ടുവച്ചത്.