ജനഹിത പരിശോധനയുമായി കാറ്റലോണിയ മുന്നോട്ട്; അടിച്ചമര്‍ത്തി ഭരണകൂടം, തെരുവുകളില്‍ രക്തം ചിന്തി പോരാട്ടം
സ്പാനിഷ് ഗവണ്‍മെന്റിന്റെ എല്ലാ വിലക്കുകളും മറികടന്നു കാറ്റലോണിയയില്‍ ജനഹിത പരിശോധന ആരംഭിച്ചു. സ്പാനിഷ് ഭരണകൂടം ഹിതപരിശോധനയെ ശക്തമായി എതിര്‍ക്കുകയാണ്. പലയിടത്തും പോലീസും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും നടക്കുന്നുണ്ട്.
ഹിതപരിശോധ അനുവദിക്കില്ലെന്നും പോളിംഗ് സ്റ്റേഷനുകള്‍ സീല്‍ ചെയ്യുന്നുണ്ടെന്നും ബാലറ്റ് പേപ്പറുകള്‍ പിടിച്ചെടുക്കുകയുമാണെന്നും സ്പാനിഷ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ചോരയൊലിപ്പിക്കുന്ന മുഖവുമായി നിരവധി പേര്‍ തെരുവുകളിലൂടെ നടക്കുന്നതു കണ്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഹിതപരിശോധനയിലൂടെ സ്‌പെയിനില്‍ നിന്നു വിട്ട് സ്വതന്ത്രരാജ്യമായി മാറാനാണ് കറ്റാലന്‍ സ്വയംഭരണ പ്രവിശ്യ ശ്രമിക്കുന്നത്. കൊട്ടാരങ്ങളുടെ നാട് എന്നര്‍ഥം വരുന്ന കാറ്റലോണിയയിലുള്ളവര്‍ തങ്ങള്‍ ഒരു വ്യതിരിക്ത ദേശീയതയുടെ ഭാഗമാണെന്നു കരുതുന്നു. സ്‌പെയിനിലെ ഏറ്റവും സമ്പന്ന പ്രവിശ്യയാണിത്.
ജനഹിത പരിശോധനയില്‍ എത്രശതമാനം പേര്‍ വോട്ടു ചെയ്യണം എന്ന നിബന്ധന വച്ചിട്ടില്ല. ഭൂരിപക്ഷം വിട്ടുപോകാന്‍ തീരുമാനിച്ചാല്‍ 48 മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പുതിയ ഭരണഘടന എഴുതാന്‍ തുടങ്ങുമെന്നു കാറ്റലോണിയന്‍ ഭരണകൂടം പറയുന്നു. 53 ലക്ഷം വോട്ടര്‍മാരുണ്ട്. 60 ശതമാനം പേര്‍ വോട്ടു ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഹിതപരിശോധന സ്പാനിഷ് സുപ്രിംകോടതി വിലക്കിയിരുന്നു. വിലക്ക് തങ്ങള്‍ക്കു ബാധകമല്ലെന്ന് കറ്റാല·ാര്‍ പറയുന്നു.