കാറ്റലോണിയയില്‍ ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമം; 38 പേര്‍ക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരം

സ്‌പെയിന്‍ ഭരണകൂടത്തിന്റെ വിലക്ക് അവഗണിച്ച് കാറ്റലോണിയയില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടത്തി. പോളിങ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറിയ പൊലീസ് വോട്ടെടുപ്പ് തടസ്സപ്പെടുത്തി ജനങ്ങളെ അടിച്ചോടിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെ പോലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.

പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് റബര്‍ ബുള്ളറ്റ് പ്രയോഗവും നടത്തി. ബാര്‍സിലോനയില്‍ നിന്നാണ് റബര്‍ ബുള്ളറ്റ് പ്രയോഗമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ബാലറ്റ് പെട്ടികള്‍ പിടിച്ചെടുക്കുന്നതിനിടെയായിരുന്നു അക്രമം. കലാപം തടയുന്നതിനുള്ള പരിശീലനം ലഭിച്ച പോലീസിനെയാണ് ബാര്‍സിലോനയിലെ ഉള്‍പ്പെടെ പോളിങ് സ്റ്റേഷനുകളില്‍ നിയോഗിച്ചിരുന്നത്.

ഹിരോണ പ്രവിശ്യയിലെ പോളിങ് സ്റ്റേഷനുകളിലൊന്നില്‍ കാറ്റലോണിയന്‍ വിഘടനവാദി നേതാവ് കാള്‍സ് പഗ്ഡമന്‍ഡ് വോട്ടു ചെയ്യാനെത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു പോലീസ് ഇരച്ചു കയറിയത്. ജനങ്ങളുടെ മുദ്രാവാക്യം വിളിക്കും കാറ്റലോണിയന്‍ ദേശീയഗാനം പാടുന്നതിനും ഇടയില്‍ പോലീസ് ചില്ലുവാതില്‍ തല്ലിത്തകര്‍ത്ത് അകത്തുകയറി.

‘സമാധാനത്തിന്റെ വക്താക്കളാണു ഞങ്ങള്‍’ എന്ന മുദ്രാവാക്യവുമായി വന്ന ജനക്കൂട്ടത്തിനു നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.