ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ചക്കര ജോണി രാജ്യം വിട്ടതായി സൂചന, ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച് പോലീസ്

ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടെന്ന് സൂചന. ക്വട്ടേഷന്‍ ഇടനിലക്കാരന്‍ അങ്കമാലി നായത്തോട് സ്വദേശിയായ ചക്കര ജോണിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ രാജ്യം വിട്ടതായുള്ള സംശയം ബലപ്പെട്ടത്.

ചക്കര ജോണിക്ക് ഓസ്‌ട്രേലിയ, യു.എ.ഇ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലെ വീസയുണ്ട്. ഇതേ തുടര്‍ന്ന് ചാക്കര ജോണിക്കായി വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഗൂഢാലോചനയില്‍ ജോണിയടക്കം മൂന്നു പേര്‍ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

വെള്ളിയാഴ്ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയേയും, മുരിങ്ങൂര്‍ സ്വദേശികളായ മൂന്നു പേശരയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയത് പ്രമുഖ അഭിഭാഷകനായ സി.പി. ഉദയഭാനുവാണ് എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

രാജീവ് വധക്കേസിലെ മുഖ്യസൂത്രധാരന്‍ അങ്കമാലി സ്വദേശി ചക്കര ജോണി രാഷ്ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റതോഴനാണ്. ദുബായില്‍ ബിസിനസും ഉറ്റബന്ധങ്ങളുമുള്ള ജോണി വിദേശത്തേക്കു കടന്നതായാണു റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള അടുത്ത സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം.