ഒന്നാം റാങ്കിലേക്ക് ഇന്ത്യക്ക് 243 റണ്‍ ദൂരം; തുടക്കത്തിലെ കുതിപ്പ് മുതലെടുക്കാനാകാതെ ഒസീസ്
നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് 243 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. പരമ്പര 3-1 ന് ജയിച്ച ഇന്ത്യക്ക് ഇന്നും ജയിക്കാനായാല്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചെടുക്കാം.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (53) അര്‍ധസെഞ്ചുറിയും ട്രാവിസ് ഹെഡ് (42), സ്റ്റോണിസ് (46), ആരോണ്‍ ഫിഞ്ച് (32) എന്നിവരുടെ മികച്ച ബാറ്റിംഗുമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. തുടക്കത്തില്‍ വാര്‍ണറും ഫിഞ്ചും മികച്ച തുടക്കം നല്‍കിയിട്ടും ഓസ്‌ട്രേലിയക്ക് മുതലാക്കാനായില്ല. ഇരുവരും ചേര്‍ന്ന് 66 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ ഇന്ത്യന്‍ സ്പിന്‍ കരുത്തിനു മുന്നില്‍ പതറിയ ഓസീസ് മധ്യനിര 99/1 എന്ന നിലയില്‍നിന്ന് 118/4 എന്ന നിലയിലേക്ക് തകര്‍ന്നു. അവസാന ഓവറുകളിലും ആഞ്ഞടിക്കാന്‍ ഓസീസിന് കഴിഞ്ഞില്ല. വാലറ്റത്തെ ബുംമ്രയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ഒസീസിനെ ചുരുട്ടിക്കെട്ടി. അവസാന അഞ്ച് ഓവറില്‍ നാല് വിക്കറ്റുകളാണ് വീണത്.