തോമസ് ചാണ്ടിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി എന്‍സിപി; ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്നും കണ്ടെത്തല്‍
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി എന്‍.സി.പി. സംസ്ഥാന നേതൃത്വം. തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്‍.സി.പി. തോമസ് ചാണ്ടിക്കൊപ്പമാണ്. അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചാനല്‍ ചര്‍ച്ചകളിലൂടെയും മാധ്യമങ്ങളിലൂടെയും പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. ഈ വിഷയത്തില്‍ മൂന്നു ജില്ലാ കമ്മിറ്റികളോടു വിശദീകരണം തേടും. നടപടിക്കു കേന്ദ്രനേതൃത്തിന്റെ അംഗീകാരമുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
കുട്ടനാട്ടില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം.
ആരോപണമുയര്‍ന്നതിനു പിന്നാലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട റവന്യു രേഖകള്‍ ആലപ്പുഴ നഗരസഭയില്‍നിന്നു കാണാതാവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു.