മുഹറം ആചാരത്തിന്റെ പേരില്‍ ഒരു വയസുള്ള കുഞ്ഞിനെ തീക്കനലില്‍ കിടത്തി

കര്‍ണ്ണാടകയിലെ ഹുബ്ലിയിലെ ധര്‍വാദിലാണ് ആചാരങ്ങളുടെ പേരില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം. ഒരുവയസ്സുള്ള കുട്ടിയെ എരിയുന്ന കനലിന് മുകളില്‍ വാഴയിലയില്‍ കിടത്തുകയായിരുന്നു. മുഹറം ആചാരത്തിന്റെ ഭാഗമായുള്ള നേര്‍ച്ചയുടെ പേരിലാണ് പിഞ്ചുകുഞ്ഞിനോടുള്ള ക്രൂരത. മുഹറത്തിന്റെ ഭാഗമായുള്ള ഇത്തരം പരിപാടികളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ പങ്കെടുപ്പിക്കരുതെന്ന് അടുത്തിടെ മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇവിടെ ആചാരങ്ങള്‍ അരങ്ങേറിയത്.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ധാരാളം പേര്‍ ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ആചാരത്തിന്റെ പേരിലുള്ള ഈ അന്ധവിശ്വാസങ്ങള്‍ നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം പരാതി ലഭിക്കാത്തത് കാരണം പോലീസ് വിഷയത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.