പോലീസിനുനേരെ പതിയിരുന്നാക്രമണം: വനിതാ ഡിക്റ്റടീവ് കൊല്ലപ്പെട്ടു
പി.പി. ചെറിയാന്‍
ജോര്‍ജിയ: സെപ്റ്റംബര്‍ 29-നു വെള്ളിയാഴ്ച രാവിലെ ജോര്‍ജിയയില്‍ പോലീസിനുനേരേ നടന്ന പതിയിരുന്നാക്രമണത്തില്‍ വനിതാ ഡിക്റ്റടീവ് ഓഫീസര്‍ ക്രിസ്റ്റീന്‍ ഹയറിന്‍ (29) കൊല്ലപ്പെടുകയും, മറ്റൊരു പോലീസ് ഓഫീസര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലബാമ അതിര്‍ത്തിയിലുള്ള ഡെഡാര്‍ ടൗണിനു സമീപം വൃക്ഷനിബിഡമായ പ്രദേശത്താണ് സംഭവം നടന്നത്. പോള്‍ക്ക കൗണ്ടിയില്‍ കളവു ചെയ്യപ്പെട്ട കാറിനെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ക്രിസ്റ്റീനും സഹപ്രവര്‍ത്തകന്‍ ഡേവിഡ് ഗുഡ്റില്ലും എത്തിച്ചേര്‍ന്നത്. പെട്ടെന്ന് റിവോള്‍വറുമായി ചാടിവീണ സേത്ത് സ്പെന്‍ഗ്ളര്‍ (31) ഇരുവര്‍ക്കുംനേരെ നിറയൊഴിക്കുകയായിരുന്നു. സേത്തിന്റെ കൂടെ സാമന്ത റൂഫും (22) ഉണ്ടായിരുന്നു.
വെടിയേറ്റ ക്രിസ്റ്റീന്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോള്‍ക്ക് കൗണ്ടി ഷെരീഫ് കെന്നി ഡോഡ് പറഞ്ഞു. ഓഫീസര്‍ ഡേവിഡ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ ഗുരുതരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിനുശേഷം പ്രതിയുടെ കൂടെയുണ്ടായിരുന്ന സാമന്തയെ പോലീസ് പിടികൂടിയെങ്കിലും, സേത്ത് രക്ഷപെട്ടു. അല്‍പ സമയത്തിനുശേഷം പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി.
ടെന്നസിയില്‍ നിന്നാണ് പ്രതി കാര്‍ മോഷ്ടിച്ചത്. പീഡന കേസുകളില്‍ പ്രതിയാണ് സേത്ത്. വെടിയേറ്റ് മരിച്ച ക്രിസ്റ്റീന്‍ അഞ്ചുവര്‍ഷമായി ഡിക്റ്റടീവായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവും 3 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം.