520 യാത്രക്കാരുമായി പറന്ന സൂപ്പര്‍ജെറ്റ് ഡബിള്‍ ഡക്കര്‍ അടിയന്തരമായി ലാന്റിംഗ് നടത്തി
പി.പി. ചെറിയാന്‍
ലോസ്ആഞ്ചലസ്: 520 യാത്രക്കാരുമായി പാരീസില്‍ നിന്നും ലോസ്ആഞ്ചലസിലേക്ക് പറന്ന സൂപ്പര്‍ ജംബോ ജെറ്റ് ലൈനറിന്റെ നാല് എന്‍ജിനുകളില്‍ ഒന്നിനു കാര്യമായ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നു കാനഡയിലെ മിലിട്ടറി എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നതായി എയര്‍ ഫ്രാന്‍സ് അധികൃതര്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 30-നു ശനിയാഴ്ചയായിരുന്നു സംഭവം.
അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തില്‍ വച്ചാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നു വിമാനം തിരിച്ചു പറന്നു കാനഡയില്‍ ഇറക്കുകയായിരുന്നു. സുരക്ഷതമായി ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും മുഴുവന്‍ യാത്രക്കാരേയും അപകടമില്ലാതെ പുറത്തിറക്കുവാന്‍ കഴിഞ്ഞു. 496 യാത്രക്കാരും 24 വിമാന ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കയിലേക്കുള്ള യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും അധികൃതര്‍ അറിയിച്ചു.
എന്‍ജിനില്‍ പക്ഷി ഇടിച്ചതാകാം തകരാറിനു കാരണമെന്നു ഒരു യാത്രക്കാരന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എയര്‍ബസായ എ- 380 -ന്റെ പത്തെണ്ണം എയര്‍ ഫ്രാന്‍സിന്റേതാണ്.
2015-ല്‍ സൂപ്പര്‍ ജെറ്റ് ഡബിള്‍ ഡക്കര്‍ 27 എണ്ണം നിര്‍മിച്ചുവെങ്കില്‍ 2019-ല്‍ എണ്ണമാണ് നിര്‍മിക്കുന്നതെന്നും എയര്‍ ബസ് സി.ഇ.ഒ ടോം പറഞ്ഞു. അപകടം കൂടാതെ യാത്രക്കാര്‍ രക്ഷപെട്ട ആശ്വാസത്തിലാണ് എയര്‍ ഫ്രാന്‍സ് അധികൃതര്‍.