പുതിയ പ്രോഡക്റ്റുമായി ജയസൂര്യയുടെ ജോയ് താക്കോല്‍ക്കാരന്‍; പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുതിയ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ട്രെയിലര്‍ എത്തി. 2013ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ‘പ്രേതം’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായെത്തുന്നത്.

ഗിന്നസ് പക്രു ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍. അജു വര്‍ഗീസിന്റെ ഗ്രീനുവും ശ്രീജിത്ത് രവിയുടെ അഭയ് കുമാറുമെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രങ്ങളാണ്. ഒന്നാം ഭാഗത്തിലെ ഒട്ടുമിക്ക താതാരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ വിതരണരംഗത്തേയ്ക്കും പ്രവേശിക്കാനൊരുങ്ങുകയാണ് ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീം.ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ജയസൂര്യ തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.