സ്വതന്ത്രമാകാന്‍ അവര്‍ വിധിയെഴുതി; കാറ്റലോണിയ സ്വതന്ത്രമാകണമെന്ന്, അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ പരാജയം

സ്‌പെയിനില്‍ നിന്ന് മോചനമാവശ്യപ്പെട്ട് നടത്തിയ ഹിതപരിശോധനയില്‍ പങ്കെടുത്ത 90 ശതമാനം കാറ്റലോണിയ നിവാസികളും അനുകൂലമായി വോട്ട് ചെയ്‌തെന്ന് കാറ്റലോണിയുടെ പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു.

സ്വതന്ത്ര രാജ്യമാകാനുള്ള അവകാശം കാറ്റലോണിയ നേടിയെന്ന് കറ്റാലന്‍ പ്രസിഡന്റ് കാള്‍സ് പ്യൂയിഗ്‌ഡെമണ്ട് പ്രതികരിച്ചു. ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് തടയാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയവരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വോട്ടെടുപ്പിനിടെ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ഇടപെടാന്‍ ആവശ്യപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു. 22. 6 ലക്ഷം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തതെന്നും ഇതില്‍ 90 ശതമാനം ആളുകളും സ്‌പെയനില്‍നിന്ന് മോചനം ആവശ്യപ്പെട്ട് വോട്ട് ചെയ്തതായി കറ്റാലന്‍ സര്‍ക്കാര്‍ വക്താവ് ജോര്‍ഡി ടുറുല്‍ തിങ്കളാഴ്ച രാവിലെ അറിയിച്ചു.