ചാലക്കുടി രാജീവ് വധം: മുഖ്യപ്രതി ജോണിയും സഹായിയും പോലീസ് പിടിയില്‍
തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോണി പോലീസ് പിടിയിലായി. ജോണിയെയും രാജീവിനെ കൊലപ്പെടുത്താന്‍ സഹായിച്ച കൂട്ടാളി രഞ്ജിത്തിനെയും വടക്കഞ്ചേരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
വടക്കഞ്ചേരിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഇന്ന് പുലര്‍ച്ചയോടെയാണ് പോലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇവിടെ തെരച്ചില്‍ നടത്തിയതും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. നേരത്തെ പിടിയിലായ നാലുപ്രതികളില്‍നിന്ന് ലഭിച്ച വിവരവും നിര്‍ണായകമായി. ജോണിയേയും രഞ്ജിത്തിനേയും ചാലക്കുടി ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
രാജീവിന്റെ കൊലപാതകത്തില്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. രാജീവിന്റെ മകന്‍ അഖിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. അച്ഛനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അഡ്വ. ഉദയഭാനുവിന്റെ അറിവോടെയായിരുന്നെന്നും മകന്‍ അഖില്‍ ആരോപിച്ചു.
കൊല്ലപ്പെട്ട രാജീവിന്റെ മൃതദേഹം ഇന്നലെയാണ് സംസ്‌കരിച്ചത്. കുടുംബാഗങ്ങളുടെ മൊഴി ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം കുടുംബാംഗങ്ങളുടെ സൗകര്യം കൂടി പരിഗണിച്ച് മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഭൂമിയിടപാടിലെ പണം കൈമാറ്റം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോണിയും കൊല്ലപ്പെട്ട രാജീവും അഭിഭാഷകന്‍ സി.പി ഉദയഭാനുവും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നു.ജോണിയും രഞ്ജിത്തും കസ്റ്റിഡിയിലായതോടെ കേസില്‍ നിര്‍ണായക വഴിത്തിവാണ് ഉണ്ടാകുക. ജോണിയെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അഭിഭാഷകന് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്ത വരുത്താനാകും.