കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് കര്‍ക്കശനിലപാടുമായി പിബി

ന്യൂഡല്‍ഹി: ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പോളിറ്റ്ബ്യൂറോ യോഗം തള്ളി. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തുല്യ അകലമെന്ന അടവുനയത്തിലെ നിലപാട് നിലനിറുത്തി ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വച്ചത്. എന്നാലിത് പി.ബി യോഗം വോട്ടിനിട്ട് തള്ളുകയായിരുന്നു. ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം പോളിറ്റ് ബ്യുറോ വോട്ടിനിട്ട് തള്ളുന്നത് ആദ്യമാണ്.

കേരള ഘടകത്തിന്റെ പിന്തുണയോടെ പ്രകാശ് കാരാട്ട് പക്ഷമാണ് യെച്ചൂരിയുടെ നിലപാടിനെ എതിര്‍ത്തത്. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയത്തില്‍ വെള്ളം ചേര്‍ക്കേണ്ടതില്ല എന്ന നിലപാടാണ് കാരാട്ട് പക്ഷം സ്വീകരിച്ചത്. കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിക്കുന്നതോടെ, ബംഗാളിലെപ്പോലെ അത് തിരഞ്ഞെടുപ്പ് സഖ്യമായി മാറുമെന്നും ഇടത് കൂട്ടായ്മയ്ക്ക് തന്നെ ബലക്ഷയം സംഭവിക്കുമെന്നും കാരാട്ട് പക്ഷം വ്യക്തമാക്കി. എന്നാല്‍, വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും വര്‍ഗീയ കക്ഷികളെ ചെറുക്കാന്‍ രാഷ്ട്രീയ നയസമീപനത്തില്‍ മാറ്റം വേണമെന്നുമായിരുന്നു യെച്ചൂരിയുടെ നിലപാട്.

കഴിഞ്ഞ പി.ബി യോഗം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേന്ദ്രകമ്മിറ്റിക്ക് വിടാനായിരുന്നു ധാരണ. ഇന്നത്തെ യോഗത്തിലും വിഷയംകേന്ദ്ര കമ്മിറ്റിക്ക് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. യെച്ചൂരിയുടെ നിര്‍ദ്ദേശവും കേന്ദ്ര കമ്മിറ്റിക്ക് മുന്‍പാകെ വയ്ക്കും.