ദിലീപിന് ഹൈക്കോടതി ജാമ്യം നിരസിച്ചാല്‍ സുപ്രീം കോടതിയില്‍ പ്രമുഖ അഭിഭാഷകന്‍; നീക്കത്തിനു പിന്നില്‍ സിനിമാ സംഘടനകള്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ നിന്നും പ്രമുഖ അഭിഭാഷകനെത്തും. ഹൈക്കോടതി ജാമ്യം നിഷേധിച്ചാല്‍ മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കാന്‍ സിനിമാ സംഘടനകള്‍ ഒരുങ്ങുന്നതായാണ് സൂചന.

സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായി സിനിമാ രംഗത്തെ ചിലര്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് സുപ്രീം കോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്തിയത്. ദിലീപിനെ ജാമ്യത്തിലിറക്കാന്‍ സിനിമാ സംഘടനകള്‍ ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് നീക്കം. ഹൈക്കോടതി വീണ്ടും ജാമ്യം തള്ളിയാല്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് ഈ ആഴ്ച 90 ദിവസം തികയും.

90 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സോപാധിക ജാമ്യം ലഭിക്കും. ഇത് തടയാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.

അതേസമയം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാതെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വിചാരണ വേളയില്‍ തിരിച്ചടിയാകുമെന്ന അഭിപ്രായം അന്വേഷണ സംഘത്തിലുണ്ട്. അതിനാല്‍ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്.