ഫിഫ അണ്ടര്‍-17 ലോകകപ്പ്: ടീമുകള്‍ നാളെയെത്തും; കൊച്ചി ഫുട്‌ബോള്‍ ആവേശത്തിലേക്ക്
കൊച്ചി: ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പ് ഫുട്ബാളില്‍ കൊച്ചിയില്‍ മത്സരിക്കുന്ന ടീമുകള്‍ നാളെ എത്തും. നാളെ പുലര്‍ച്ചെയോടെ സ്പെയിനും ഉച്ചയോടെ ബ്രസീലും എത്തിച്ചേരും. നാല് ദിവസം മാത്രം അവശേഷിക്കെ കൊച്ചി ഫുടബോള്‍ ലഹരിയിലേക്ക് മാറുകയാണ്.
സ്പെയിനാണ് ആദ്യം കൊച്ചിയിലെത്തുന്നത്. പുലര്‍ച്ചെ മൂന്ന് മുപ്പതോടെ കൊച്ചിയെത്തുന്ന താരങ്ങള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഹോട്ടലിലേക്ക് പോകും. താരങ്ങളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളും സംഘടാകര്‍ ചെയ്തുകഴിഞ്ഞു.മുംബൈയില്‍ നിന്ന് ഉച്ചയോടെയാണ് ബ്രസീല്‍ എത്തിച്ചേരുന്നത്.ഉത്തര കൊറിയ, നൈജര്‍ ടീമുകളും വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് എത്തിച്ചേരും. ടീമുകളുടെ സുരക്ഷയ്ക്കും സഹായത്തിനുമായി കമാന്‍ഡോ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.പോലീസിലെ മുന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കാണ് ടീമിന്റെ സുരക്ഷാ ചുമതല. ടീമുകള്‍ എത്തുന്നതോടെ ആരാധകരും ആവേശത്തിലാണ്.
കൊച്ചിയിലെത്തുന്ന ടീമുകള്‍ നാളെ പരിശീലനത്തിന് ഇറങ്ങിയേക്കില്ല. ടൂര്‍ണമെന്റിലെ ഫേവറിറ്റ് ടീമായ ബ്രസീല്‍ ടീം വേളി പരേഡ് ഗ്രൗണ്ടിലാകും പരിശീലനത്തിനെത്തുകയെന്നാണ് അറിയുന്നത്. പരിശീലന സ്ഥലത്തേക്കുള്ള യാത്രയിലും ട്രാഫിക് നിയന്ത്രണമടക്കം കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്.
മത്സരത്തിന്റെ ആവേശം ടിക്കറ്റ് വില്‍പ്പനയിലും പ്രകടമാണ്.മത്സര വേദിയായ നെഹ്റു സ്റ്റേഡിയമടക്കം അവസാനവട്ട മിനുക്ക് പണി നടത്തി പൂര്‍ണ്ണ സജ്ജമാക്കിയിട്ടുണ്ട്.