ഗുര്‍മീതിന്റെ ആശ്രമത്തില്‍ മോഷണം; ചെരുപ്പും വസ്ത്രങ്ങളും സഹിതം വിവിഐപി റൂമിലെ സകലതും കള്ളന്‍ കൊണ്ടുപോയി

ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ഝാജറിലെ ആശ്രമത്തില്‍ മോഷണം.എല്‍.സി.ഡി ടി.വി, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും,കിടക്കയുമാണ് മോഷ്ടിക്കപ്പെട്ടത്. ഗുര്‍മീത് ജയിലിലായതിനുശേഷം അനുയായികള്‍ ഒഴിഞ്ഞുപോയ ആശ്രമത്തിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശ്രമത്തില്‍ കാവല്‍ക്കാരനാണ് മോഷണം നടന്നതായി പോലീസിനെ അറിയിച്ചത്. ആശ്രമത്തിലെ കാവല്‍ക്കാരനായി ഇയാള്‍ ശമ്പളം മുടങ്ങിയതോടെ ജോലിക്ക് സ്ഥിരമായി വരാറില്ലായിരുന്നു. ദിവസവും രാവിലെയും വൈകിട്ടും ആശ്രമത്തില്‍വന്നു ചുറ്റിനടന്നശേഷം മടങ്ങുകയാണ് പതിവ്. ഇന്നു രാവിലെ ആശ്രമത്തില്‍ എത്തിയപ്പോള്‍ വാതിലുകളും ജനലുകളുമെല്ലാം തകര്‍ത്ത നിലയില്‍ കാണുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ആശ്രമത്തിലെത്തുന്ന വി.വി.ഐ.പികള്‍ക്ക് പ്രത്യേകം തയാറാക്കിയിരുന്ന മുറികളിലുണ്ടായിരുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്.ഇന്‍വെര്‍ട്ടര്‍, അതിന്റെ ബാറ്ററികള്‍, കമ്പ്യൂട്ടര്‍ മോണിറ്റര്‍, നാലു സി.സി.ടി.വി ക്യാമറകള്‍, ആംപ്ലിഫയര്‍, കിടക്കകള്‍, വസ്ത്രം, ചെരുപ്പുകള്‍ തുടങ്ങിയവയാണ് പ്രധാനമായും മോഷ്ടിച്ചിരിക്കുന്നത്.

ആശ്രമത്തിലുള്ള അനുയായികള്‍ക്ക് പ്രാര്‍ഥിക്കാനായാണ് ഗുര്‍മീതിന്റെ വസ്ത്രങ്ങളും പാദരക്ഷകളും ഇവിടെ സൂക്ഷിച്ചിരുന്നത്. ഗുര്‍മീത് ജയിലിലായതോടെ ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനമുള്‍പ്പെടെ ഹരിയാനയിലും പഞ്ചാബിലുമുള്ള ആശ്രമങ്ങള്‍ പൊലീസ് പൂട്ടി സീല്‍ ചെയ്തിരുന്നു. എന്നാല്‍, ഝാജറിലെ ആശ്രമം അടച്ചുപൂട്ടിയിരുന്നില്ല.