കൊച്ചി മെട്രോ: രണ്ടാം ഘട്ട സര്‍വീസ് ഉദ്ഘാടനം നാളെ

കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ സര്‍വീസാണ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ്‌സിങ് പുരിയും ചേര്‍ന്ന് സര്‍വീസ് ഫ്‌ളാഗ്ഓഫ് ചെയ്യും.പകല്‍ 11ന് ടൗണ്‍ഹാളില്‍ ഉദ്ഘാടനച്ചടങ്ങ് നടക്കും. അണ്ടര്‍ 17 ലോകകപ്പിന് മുമ്പ് കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടുമെന്ന വാഗ്ദാനവും ഇതോടെ നടപ്പിലാകുന്നു.

മെട്രോ യാത്രക്ക് ശേഷമാകും ഇരുവരും ടൗണ്‍ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനെത്തുക. മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചാല്‍ ഉടന്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ അറിയിച്ചു.

രണ്ടാംഘട്ടത്തില്‍ കൂടുതല്‍ യാത്രികരെ മെട്രോയിലേക്ക് ആകര്‍ഷിക്കാനും കെ.എം.ആര്‍.എല്‍ ശ്രമം തുടങ്ങി. ഉദ്ഘാടനദിനത്തില്‍ സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി സജീവന്റെ നേതൃത്വത്തിലുള്ള കാര്‍ട്ടൂണ്‍ രചനയും യാത്രികരെ വരവേല്‍ക്കാനുണ്ടാകും.പുതിയ സര്‍വീസിന്റെ ആദ്യ ദിവസം യാത്രക്കെത്തുന്നവര്‍ക്ക് അവരവരുടെ തന്നെ കാരിക്കേച്ചര്‍ സമ്മാനിക്കാനും കെ.എം.ആര്‍.എല്‍ പദ്ധതിയിടുന്നുണ്ട്. മഹാരാജാസ് ഗ്രൗണ്ടിലേക്ക് സര്‍വീസ് നീളുന്നതോടെ ദൈര്‍ഘ്യം 18 കിലോമീറ്ററാകും. പാലാരിവട്ടംമുതല്‍ മഹാരാജാസ് കോളേജ് വരെ അഞ്ച് സ്റ്റേഷനാണുള്ളത്.

കൊച്ചി മെട്രോയുടെ ആദ്യ ഘട്ട സര്‍വീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂണ്‍ 17-ന് നിര്‍വഹിച്ചിരുന്നു.