വെട്ടേറ്റ് തൂങ്ങിയ കാല്‍പ്പാദവുമായി തമിഴ്‌നാട് സ്വദേശി ചികിത്സ തേടി അലഞ്ഞത് 350 കിലോമീറ്റര്‍; ചികിത്സ നിഷേധിച്ച് മെഡിക്കല്‍ കോളേജുകള്‍

കുറ്റിപ്പുറം:വെട്ടേറ്റ് തൂങ്ങിയ കാല്‍പ്പാദവുമായി ചികിത്സ തേടിയെത്തിയ തമിഴ്നാട് സ്വദേശിക്ക് കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍ ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് അടിയന്തര ചികിത്സ തേടി സഞ്ചരിക്കേണ്ടി വന്നത് 350 കിലോമീറ്റര്‍. തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളുടെ അവഗണന നേരിടേണ്ടി വന്നത്.

കഴിഞ്ഞ ദിവസം പത്തരക്കാണ് സംഭവങ്ങളുടെ തുടക്കം. പഴയ റെയില്‍വേ ഗേറ്റിന് സമീപത്തെ വാടകവീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധു കോടീശ്വരനും തമ്മില്‍ മദ്യപിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടാകുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. തുടര്‍ന്ന കോടീശ്വരന്‍ രാജേന്ദ്രന്റെ കാലിലും കയ്യിലും വെട്ടുകയായിരുന്നു. വെട്ടേറ്റ് കാല്‍പ്പാദം ഒടിഞ്ഞു തൂങ്ങിയ രാജേന്ദ്രനെ ഒപ്പമുണ്ടായിരുന്നവര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും അടിയന്തര ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.

എന്നാല്‍ കോഴിക്കോട്ടേയ്‌ക്കോ കോട്ടയത്തേയ്‌ക്കോ കൊണ്ടു പോകാനായിരുന്നു ഇവിടെ നിന്നും നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്ന് കോഴിക്കോട്ട് എത്തിച്ചപ്പോള്‍ രാത്രി ശസ്ത്രക്രിയ നടത്താനാകില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് ഇവിടെ നിന്നും 350 കിലോമീറ്റര്‍ സഞ്ചരിച്ച് കോയമ്പത്തൂരില്‍ എത്തുകയും നില വഷളായതിനെതുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആശുപത്രി അധികൃതര്‍ ചികിത്സക്കായി വന്‍ തുക ചോദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. രാത്രി ശസ്‌ക്രിയ നടക്കില്ലെന്ന് ആദ്യം പറഞ്ഞ മെഡിക്കല്‍ കോളേജ് അധികൃതര്‍ രോഗിയോട് 45,000 രൂപ ഉടന്‍ അടയ്ക്കണമെന്നും അല്ലെങ്കില്‍ ചികിത്സ നടത്തില്ലെന്ന് പറഞ്ഞതായിട്ടാണ് ആരോപണം.

ഓപ്പറേഷന് ശേഷം പണം നല്‍കിയാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ അങ്ങിനെയാണെങ്കില്‍ പറ്റില്ലെന്ന് പറഞ്ഞതായുമാണ് വിവരം. സംഭവത്തില്‍ പരിക്കേറ്റ തിരുച്ചിറപ്പള്ളി അരിയലൂര്‍ സ്വദേശി രാജേന്ദ്രന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.ഉച്ചയോടെയാകും മൊഴിയെടുക്കുക. മൊഴിയുടെ അടിസ്ഥാനത്തില്‍ ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരേ നടപടിയെടുക്കും.