മുഖ്യമന്ത്രി ഇടപെട്ടിട്ടും ശമ്പള വര്‍ധന നടപ്പായില്ല; വീണ്ടും സമരത്തിനൊരുങ്ങി നഴ്‌സുമാരുടെ സംഘടന

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം കൂട്ടാന്‍ മുഖ്യമന്ത്രി ഇടപെട്ട് ഒത്ത് തീര്‍പ്പുണ്ടാക്കി രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം കൂട്ടിയില്ലെന്ന് മാത്രമല്ല മാനേജ്‌മെന്റുകളുടെ തരംതാഴ്ത്തല്‍ അടക്കം പ്രതികാര നടപടികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടന.

സംസ്ഥാനത്താകെ അലയടിച്ച നഴ്സുമാരുടെ സമരം ശക്തമാകുന്നതിനിടെ കഴിഞ്ഞ ജുലൈ 20-ന് മുഖ്യമന്ത്രി ഇടപെട്ട് ശമ്പളം കൂട്ടാന്‍ ആശുപത്രി മാനേജ്‌മെന്റുകളുമായി ധാരണയിലെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സമരം പിന്‍വലിച്ച നഴ്‌സുമാര്‍ക്ക് നാളിതുവരെയായി ശമ്പളം കൂട്ടി നല്‍കിയിട്ടില്ല. ധാരണ പ്രകാരമുള്ള ശമ്പള വര്‍ദ്ധനവ് ഐ.ആര്‍.സി എന്ന വ്യവസായ ബന്ധസമിതിയില്‍ മാനേജ്‌മെന്റുകള്‍ എതിര്‍ത്തു.

സര്‍ക്കാര്‍ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റ് അംഗങ്ങളും യൂണിയന്‍ ഭാരവാഹികളും അംഗങ്ങളായ സമിതി ഇതിനിടെ ഒരു തവണ യോഗം ചേര്‍ന്നെങ്കിലും ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായില്ല. ഐ.ആര്‍.സിയും പിന്നാലെ മിനിമം വേജസ് ബോര്‍ഡും അംഗീകരിച്ചാലേ ശമ്പളം പരിഷ്‌കരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങു. ശമ്പളം കൂട്ടാന്‍ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ തുടരുകയും ചെയ്യുന്നു. ഉയര്‍ന്ന തസ്തികകളില്‍ നിന്ന് നഴ്‌സുമാരെ തരംതഴ്ത്തുന്നു, ആറും ഏഴും വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ള നഴ്‌സുമാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ മാനേജ്മെന്റ് സ്വീകരിച്ചിട്ടും സര്‍ക്കാറിന് അനങ്ങാപ്പാറ നയമാണ്.

ശമ്പള വര്‍ദ്ധനയില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ വര്‍ധന അതേപടി അംഗീകരിച്ചാല്‍ ചികില്‍സ ചെലവ് ഉള്‍പ്പെടെ കൂടുമെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് നല്‍കിയ വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ 5ന് ചേരുന്ന വ്യവസായ ബന്ധ സമിതി വീണ്ടും ചര്‍ച്ച ചെയ്യും അന്നും തീരുമാനമില്ലെങ്കില്‍ സമരം നടത്താനാണ് നഴ്‌സുമാരുടെ തീരുമാനം.