എനിക്ക് കിട്ടിയ അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങള്‍ നിങ്ങള്‍ സൂക്ഷിച്ചോളൂ; മോദിക്കതിരെ നടന്‍ പ്രകാശ് രാജ്
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് നടനും ഗൗരി ലങ്കേഷിന്റെ സുഹൃത്തുമായ പ്രകാശ് രാജ്. തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്നും പ്രകാശ് രാജ് വ്യക്താക്കി.
ചെന്നൈയില്‍ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഗൗരിയുടെ കൊലപാതകത്തില്‍ നിശബ്ദത പാലിക്കുന്നവര്‍ക്കെതിരേയും സോഷ്യല്‍ മീഡിയയിലൂടെ കൊലപാതകം ആഘോഷിച്ച സംഘപരിവാറിനെതിരേയും മോദിക്കെതിരേയും പ്രകാശ് രാജ് ശബ്ദമുയര്‍ത്തിയത്.
ഗൗരിയുടെ കൊലപാതകികളെ പിടികൂടിയിട്ടില്ല എന്നതിനേക്കാള്‍ ദു:ഖകരാണ് ചിലര്‍ അവരുടെ കൊലപാതകത്തെ ആഘോഷിക്കുന്നു എന്നത്. ഗൗരിയുടെ ഘാതകരെ കാണാന്‍ സാധിച്ചില്ലെങ്കിലും വിഷം തുപ്പുന്നവരെ നമുക്ക് കാണാം പ്രകാശ് രാജ് പറഞ്ഞു.
ഈ സാഹചര്യത്തില്‍ തനിക്ക് ലഭിച്ച സര്‍ക്കാരില്‍ നിന്ന് ലഭിച്ച അഞ്ച് ദേശീയ പുരസ്‌കാരങ്ങളും സൂക്ഷിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ഇത് നിങ്ങള്‍ തന്നെ സൂക്ഷിച്ചോളൂ., എനിക്ക് അവാര്‍ഡുകള്‍ വേണ്ട. നല്ല ദിനങ്ങള്‍ വരുമെന്ന് എന്നോട് പറയരുത്.
മോദി ഞാന്‍ അറിയപ്പെടുന്നൊരു നടനാണ്. നിങ്ങള്‍ അഭിനയിക്കുന്നത് എനിക്ക് മനസിലാക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്. കുറച്ചെങ്കിലും ബഹുമാനം കാണിക്കണം. ഒന്നുമില്ലെങ്കിലും എന്താണ് സത്യം എന്താണ് അഭിനയം എന്നു പറയാന്‍ എനിക്ക് കഴിയുമെന്ന് ഓര്‍ക്കണം.
മൂന്ന് പതിറ്റാണ്ടിന്റെ സൗഹൃദമുണ്ടായിരുന്നു ഗൗരിയും പ്രകാശ് രാജും തമ്മില്‍. ഗൗരിയുടെ പിതാവ് ലങ്കേഷ് തന്റെ വഴികാട്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൗരിയുടെ കൊലപാതകത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയ പ്രമുഖരില്‍ ഒരാളായിരുന്നു പ്രകാശ് രാജ്. ഗൗരിയുടെ മരണാനന്തര ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.