കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി; ചരിത്രമൊഴുതാന്‍ സിഖുകാരന്‍
കാനഡയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നിന്റെ നേതാവായി സിഖ് വംശജന്‍. കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍.ഡി.പി) മേധാവിയായാണ് അഭിഭാഷകനായ ജഗ്മീത് സിങ്ങിനെ (38) തിരഞ്ഞെടുത്തത്. ആദ്യമായാണ് വെളുത്ത വംശജനല്ലാത്തയാള്‍ കാനഡയില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തേയ്ക്ക് എത്തുന്നത്.
2019ല്‍ നടക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ജഗ്മീത് ട്വിറ്ററില്‍ അറിയിച്ചു. എന്‍.ഡി.പിയുടെ നേതൃത്വത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും ന്യൂനപക്ഷ വിഭാഗക്കാരനുമാണു ജഗ് മീത്.
പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ വിജയിച്ച ജഗ്മീതിന് ഒക്ടോബര്‍ എട്ടിന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് ഒഴിവാക്കാനുമായി. ഒന്‍ടാരിയോ പ്രവിശ്യയിലെ ജനപ്രതിനിധിയാണ് ജഗ്മീത്. കാനഡയില്‍ ആകെയുള്ള 338 പാര്‍ലമെന്റ് സീറ്റില്‍ 44 അംഗങ്ങളാണ് മൂന്നാം സ്ഥാനത്തുള്ള എന്‍.ഡി.പിക്കുള്ളത്.