ആയിരം മഹാത്മ ഗാന്ധിമാരും ഒരു ലക്ഷം മോദിമാരും ഉണ്ടായിട്ടു കാര്യമില്ല; മനോഭാവം മാറണമെന്ന് പ്രധാനമന്ത്രി

ശുചിത്വവുമായി ബന്ധപ്പെട്ട് ആളുകളുടെ മനോഭാവം മാറാതെ ഇന്ത്യയെ ശുചിയാക്കാനുള്ള യജ്ഞം വിജയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയിരം മഹാത്മ ഗാന്ധിമാരും ഒരു ലക്ഷം മോദിമാരും എല്ലാ സംസ്ഥാന സര്‍ക്കാരുകളും അവിടുത്തെ മുഖ്യമന്ത്രിമാരും ഒരുമിച്ചു നിന്നാലും ശുചിത്വ ഭാരതമെന്ന സ്വപ്നം സ്വപ്നമായി അവശേഷിക്കുകയെ ഉള്ളൂ.

അതേസമയം, രാജ്യത്തെ 125 കോടി ആളുകളും ഒരുമിച്ചു മനസ്സു വച്ചാല്‍, സ്വപ്നം യാഥാര്‍ഥ്യമാകുമെന്നും മോദി പറഞ്ഞു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൃത്തിയെക്കുറിച്ച് എല്ലാ മനുഷ്യര്‍ക്കും ഒരേ അഭിപ്രായമാണെങ്കിലും വ്യക്തിപരമായി ഉത്തരവാദിത്തമേല്‍ക്കാന്‍ ആരും തയാറല്ല. ശുചിത്വഭാരതമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിനുള്ള പ്രധാന തടസ്സം ഈയൊരു മനോഭാവമാണ്. ശുചിത്വം ആവശ്യമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല.

എന്നാല്‍, അതിന് മുന്‍കയ്യെടുക്കാന്‍ നാം തയ്യാറല്ല. സര്‍ക്കാര്‍ ഇടപെട്ട് നമ്മുടെ പരിസരം ശുചിയാക്കാന്‍ കാത്തിരിക്കാതെ, സ്വയം സന്നദ്ധരായി രംഗത്തിറങ്ങാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ശുചിത്വത്തിന് പ്രാധാന്യം കൊടുക്കാത്ത കുടുംബങ്ങള്‍ വിവിധ രോഗങ്ങളുടെ പേരില്‍ ആശുപത്രികളില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതായും യുനിസെഫിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മോദി ചൂണ്ടിക്കാട്ടി.